പാറ്റ്ന: ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കുട്ടികളിൽ പരീക്ഷിച്ചുതുടങ്ങി. പാറ്റ്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഇതിന്റെ ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്.
കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിനുള്ള അനുമതി ഭാരത് ബയോടെക്കിന് ഡ്രഗ്സ് കണ്ട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ പതിനൊന്നിന് നൽകിയിരുന്നു.
രണ്ടു മുതൽ പതിനെട്ടുവരെ പ്രായമുള്ള കുട്ടികളിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാണ് അനുമതിയെന്ന് നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചിരുന്നു. നിലവിൽ പതിനെട്ടു വയസിനു മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്.
ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനു പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുട്നിക് എന്നീ വാക്സിനുകൾ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്.