കൊച്ചി: രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് കേരള ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്സിൻ കൊടുക്കണം എന്ന് പറഞ്ഞ് ഫെഡറലിസം നോക്കേണ്ട സമയമല്ലിതെന്നും കോടതി പറഞ്ഞു.
വാക്സിനേഷന് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി പരിഗണിക്കവേയാണ് ഹൈക്കോടതി കേന്ദ്രത്തോട് ചോദ്യങ്ങൾ ചോദിച്ചത്.
വാക്സിൻ വിതരണത്തിനായി റിസർവ് ബാങ്കിന്റെ 54,000 കോടി അധിക ഡിവിഡൻസ് ഉപയോഗിച്ചുകൂടെയെന്നും കോടതി ചോദിച്ചു. അതേസമയം, നയപരമായ വിഷയമാണിതെന്നും മറുപടിക്ക് സമയം വേണമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
വാക്സിൻ നയം മാറിയതോടെ വാക്സിൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ ഹർജിയിൽ പരാതിപ്പെട്ടു. ഹര്‍ജി വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.