പത്തനംതിട്ട: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച പത്തൊന്‍പതുകാരി തലച്ചോറിലുണ്ടായ രക്തസ്രാവത്തേ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടുന്നു.
കോഴഞ്ചേരി ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം സാബു സി. തോമസിന്റെ മകൾ നോവ സാബു മരിച്ച സംഭവത്തിലാണ് അന്വേഷണം.
കഴിഞ്ഞ 28ന് എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പല്ലിന് കന്പിയിടാൻ പോയപ്പോഴാണ് നോവയയ്ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ ലഭിച്ചത്.
ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ പനിയുടെ ലക്ഷണം ഉണ്ടായി. രണ്ടുദിവസത്തിനുശേഷം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
അസ്വസ്ഥത കൂടിയതിനേ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.
എറണാകുളം അമൃത കോളജിൽ ബിരുദ വിദ്യാർഥിനിയായിരുന്നു നോവ. വാക്സിൻ എടുത്തശേഷം സന്പൂർണ നിരീക്ഷണം കുട്ടിക്ക് ഉണ്ടാകാതെവന്നതാണ് അപകട കാരണമായതെന്ന് ബന്ധുക്കൾ സംശയിക്കുന്നു.
ബന്ധുക്കളാരും പരാതി നൽകിയിട്ടില്ലെങ്കിലും സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടിവരികയാണ് പത്തനംതിട്ട ഡിഎംഒ പറഞ്ഞു. ആശുപത്രികളിൽ നിന്നു മെഡിക്കൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. നോവയുടെ സംസ്കാരം പിന്നീട് നടക്കും.