വാക്സിന്‍ എടുക്കുന്നതു മൂലം ലഭിക്കുന്ന പ്രതിരോധം എത്രനാള്‍ ലഭിക്കുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.
ഈ അവസരത്തില്‍ വാക്‌സിനെടുത്ത് മാസങ്ങള്‍ക്കു ശേഷം ഫലം കുറയുന്നുവോ എന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ്പെടുത്തവരാണ്. 6996 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്.
ഇതില്‍ 2083 പേരും രണ്ട് ഡോസ് കുത്തിവയ്പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സിന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച 10691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 6303 പേരും കുത്തിവയ്പ് എടുത്തവരാണ്.
ശനിയാഴ്ച 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 5364 പേരും വാക്സിന്‍ ലഭിച്ചവരാണ്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ്പെടുത്തവരില്‍ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക.
എന്നാല്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായിട്ടുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്.