കൊച്ചി: വീടിനു പുറത്ത് പോകാനാവാത്ത മുതിര്‍ന്ന പൗരന്മാര്ക്കും കിടപ്പു രോഗികള്‍ക്കും വാക്സിന് വീടുകളിലെത്തിച്ചു നല്‍കണമെന്നു ഹൈക്കോടതി. ഇത്തരത്തിലുള്ള എല്ലാ ശ്രമവും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.
അഭിഭാഷകര്‍ക്കു വാക്സിനേഷനു മുന്‍ഗണന നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലാര്‍ക്കുമാരെയും ജുഡീഷല്‍ ഉദ്യോഗസ്ഥര്‍ക്കും കോടതി ജീവനക്കാര്‍ക്കുമൊപ്പം കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഹര്‍ജി പരിഗണിക്കവെ, കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര് ഏറെ ബുദ്ധിമുട്ടാണു നേരിടുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പാലക്കാട് കോവിഡ് ബാധിച്ച് ആരോഗ്യവകുപ്പിന്റെ പരിചരണം കിട്ടാതെ മുതിര്‍ന്ന പൗരന്മാരിലൊരാള് മരിച്ച സംഭവമുണ്ടായി. സീനിയര്‍ സിറ്റിസണ്‍ ആക്ടിലെ 20-ാം വകുപ്പ് പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് മതിയായ ചികിത്സ ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും തന്റെ മാതാവിന്റെ കാര്യങ്ങള്‍ എറണാകുളത്ത് ജനമൈത്രി പോലീസ് തിരക്കുന്നുണ്ടെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യം കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഓരോ സ്റ്റേഷന് പരിധിയിലുമുള്ള മുതിര്‍ന്ന പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കണമെന്ന് കോടതി വ്യക്തമാക്കി. സമയബന്ധിതമായി വേണ്ട സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതു സംബന്ധിച്ച നിര്‍ദേശവും 10 ദിവസത്തിനകം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ ഇത്തരമൊരു അന്വേഷണം സംസ്ഥാനത്താകെ നടക്കുന്നില്ല. ഈ സാചര്യത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ വിവരം പോലീസ് ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. അതേസമയം, കിടപ്പിലായവര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വീടുകളിലെത്തി കോവിഡ് പ്രതിരോധ വാക്സിന് നല്‍ണമെന്ന നിര്‍ദേശം പരിഗണനയിലുള്ളതായി സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു.