കണ്ണൂര്‍: നഗരത്തിലെ പ്രാധാന വാക്സിനേഷന് കേന്ദ്രമായിരുന്ന ജൂബിലി ഹാളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന് ക്യാന്പ് പുനരാരംഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു. എല്ലാവർക്കും സൗകര്യപ്രദമായ കേന്ദ്രം എന്ന നിലയിലായിരുന്നു ജൂബിലി ഹാൾ വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയത്.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മതിയായ മാനവ വിഭവശേഷി കുറവായതിനാലാണ് ഇവിടുത്തെ വാക്സിനേഷൻ നിർത്തിവെക്കാൻ കാരണമെന്നാണ് ഡിഎംഒ കോർപറേഷൻ മേയറെ അറിയിച്ചിരിക്കുന്നത്.
കോര്‍പറേഷന്റെ അഭ്യര്‍ഥന പ്രകാരം മാര്‍ച്ച് പതിനേഴ് മുതലാണ് ജൂബിലി ഹാളില്‍ വാക്സിനേഷന് ക്യാമ്പ് ആരംഭിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് എല്ലാ ദിവസവും വാക്സിന് നല്‍കിയിരുന്ന കേന്ദ്രമായിരുന്നു ജൂബിലി ഹാളിലേത്.
കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ജൂബിലി ഹാളില്‍ ഇതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോര്പറേഷന് ഒരുക്കിയിരുന്നു.
എന്നാല്‍ ഏപ്രില്‍ 19ന് ജൂബിലി ഹാളിലെ വാക്സിനേഷൻ ക്യാന്പ് മുന്നറിയിപ്പില്ലാതെ പൂട്ടുകയായിരുന്നു. ജൂബിലി ഹാളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ബോക്സിംഗ് റിംഗ് കൊണ്ടു വച്ചതിനു പിന്നാലെയാണ് അടച്ചിട്ടത്.
തുടര്‍ന്ന് ക്യാമ്പ് നടക്കുന്ന ഇവിടെ വാക്സിനേഷന് തടസപ്പെടുത്തിയതായി അറിയിച്ച് മേയര്‍ ടിഒ മോഹനനും കോര്പറേഷന് കൗണ്‍സിലര്‍മാരും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍ വിട്ടു നല്‍കിയില്ല.
ഒരുമാസക്കാലം ഇവിടെ വാക്സിനേഷന് ക്യാമ്പ് നടന്ന് വരുന്നതിനിടെയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ബോക്സിംഗ് റിംഗ് കൊണ്ട് വച്ചത്.
ജൂബിലി ഹാളില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വെക്കുന്ന കാര്യം കോര്പ്പറേഷന് അധികാരികളെ അറിയിക്കാന്‍ പോലും ജില്ലാ മെഡിക്കല്‍ ഓഫിസറോ സ്പോര്‍ട്സ് കൗണ്‍സിലോ തയാറായിരുന്നില്ല.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വീണ്ടും ഇവിടെ വാക്സിനേഷന് പുനരാരംഭിചെങ്കിലും രണ്ടു ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്.
നല്ല നിലയില്‍ എല്ലാവിഭാഗം ആളുകള്‍ക്കും ജില്ലയുടെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ഇവിടെ വന്ന സൗകര്യപൂര്‍വ്വം വാക്സിന് കുത്തിവെപ്പിന് സാഹചര്യമുണ്ടായിരിക്കെയാണ് കേന്ദ്രം പൂര്‍ണമായും അടച്ച് പൂട്ടിയത്.