കോട്ടയം: കോവിഡ് വാക്സിന്റെ ആദ്യഘട്ട വിതരണത്തിന് ജില്ലയിൽ സർക്കാർ ആയുർവേദ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങൾ.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പാലാ ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടയം എസ്.എച്ച്.
മെഡിക്കൽ സെന്റർ, പാന്പാടി കോത്തല സർക്കാർ ആയുർവേദ ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഓരോ കേന്ദ്രത്തിലും ഒരു ദിവസം നൂറു പേർക്കു വീതം പ്രതിരോധ മരുന്ന് കുത്തിവയ്ക്കും.
ഇതിനു പുറമെ വാക്സിൻ കൂടുതലായി ലഭ്യമാകുന്പോൾ വിതരണത്തിന് 520 കേന്ദ്രങ്ങൾകൂടി സജ്ജമാക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇവർക്കൊപ്പം മെഡിക്കൽ വിദ്യാർഥികളെയും അങ്കണവാടി പ്രവർത്തകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ ജില്ലയിൽ ആരോഗ്യ മേഖലയിൽനിന്നുള്ള 23839 പേർ വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.