കോട്ടയം: ജില്ലയിൽ പൊതുജനങ്ങൾക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 – 60 പ്രായപരിധിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്.
ആദ്യദിവസങ്ങളിൽ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് സൗജന്യമായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ താമസിയാതെ വാക്സിൻ ലഭ്യമാകുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു.
നിലവിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല. വാക്സിൻ ലഭിക്കാൻ cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ചെയ്യേണ്ടത് ഇപ്രകാരം
ആദ്യം മൊബൈൽ നന്പർ എന്റർ ചെയ്യണം.
തുടർന്ന് ഈ മൊബൈൽ നന്പറിൽ ലഭിക്കുന്ന ഒടിപിഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം.
ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് നാലുപേരുടെ വരെരജിസ്ട്രേഷൻ നടത്താം.
വാക്സിൻ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം തിരിച്ചറിയൽരേഖയുടെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്യണം.
45 – 60 പ്രായപരിധിയിലുള്ള ആളാണെങ്കിൽ നിലവിൽ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നം എന്തെന്ന് വ്യക്തമാക്കണം. ഇതിനായി പോർട്ടലിൽ തന്നെയുള്ള രോഗങ്ങളുടെ പട്ടികയിൽ ബാധകമായത് സെലക്ട് ചെയ്താൽ മതിയാകും.
രജിസ്ട്രേഷനുള്ള ഏതെങ്കിലും ഒരു ഡോക്ടറുടെ പക്കൽനിന്നും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. സർട്ടിഫിക്കറ്റിന്റെ മാതൃക പോർട്ടലിൽ ലഭിക്കും.
സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താൽ വാക്സിൻ ലഭിക്കുന്ന കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കാൻ സാധിക്കും.
60 വയസിന് മുകളിൽ പ്രായമുള്ളവർ രജിസ്റ്റർ ചെയ്യുന്പോൾ നൽകിയ തിരിച്ചറിയൽ രേഖയുമായി ആണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടത്.
45 – 60 പ്രായപരിധിയിലുള്ളവർ തിരിച്ചറിയൽ രേഖയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.