ന്യൂഡൽഹി: ഡിസംബർ 31-ന് മുന്‍പു രാജ്യത്തു കോവിഡ് വാക്സിന് അനുമതി നൽകും. സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോൾ ഓർഗനൈസേഷനാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.
ഓക്സ്ഫഡ്, സ്ട്രസെനെക വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാനും തീരുമാനമായി.കോവിഡ് വാക്സിനുകൾ യുകെയിലെ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ പരിശോധനകൾക്കായി അയച്ചിരുന്നു.
ഒപ്പം ബ്രസീലിലെ ഏജൻസിയിലേക്കും സാന്പിളുകൾ അയച്ചിരുന്നു. ഇതിന്റെ ഫലം വരാൻ വൈകുന്ന സാഹചര്യത്തിലാണ് വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാൻ ധാരണയായത്.
നിലവിൽ, ഓക്സ്ഫഡ് വാക്സിനായ കൊവിഷീൽഡ് മാത്രമാണു നിർദേശിച്ച എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഭാരത് ബയോണ്‍ടെകിന്റെ കൊവാക്സിൻ ഇനിയും രേഖകൾ സമർപ്പിക്കണം.
അനുമതി തേടിയ ഫൈസറും പരീക്ഷണ വിവരങ്ങൾ വിദഗ്ധ സമിതിക്കു മുന്നിൽ സമർപ്പിച്ചിട്ടില്ല.പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണു കൊവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. കന്പനി സമർപ്പിച്ച രേഖകളെല്ലാം തൃപ്തികരമാണെന്നാണു വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.