പയ്യന്നൂര്‍: കോവിഡ് വാക്സിന് വിതരണത്തില്‍ പയ്യന്നൂര്‍ മാതൃകയാകുന്നു. ജില്ലാ ആരോഗ്യകേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിതരണമെങ്കിലും ഷെഡ്യൂളുകള്ക്കുമപ്പുറം പരമാവധിയാളുകള്‍ക്ക് വാക്സിന് വിതരണം നല്‍കിയാണ് പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രം മാതൃകയാകുന്നത്.
താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള ജീവനക്കാരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.വാക്സിന് വിതരണം എത്രപേര്‍ക്ക് നല്‍കണമെന്നതുള്‍പ്പെടെയുള്ള ഷെഡ്യൂളുകള്‍ തലേദിവസമാണ് ജില്ലാ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്നത്.
ഇതിന്റെ പരിമിതികളുണ്ടെങ്കിലും 200 പേര്‍ക്ക് വാക്സിന് നല്‍കാനുള്ള ഷെഡ്യൂള്‍ ലഭിച്ചാല്‍ പരമാവധിയാളുകള്‍ക്ക് ഇവിടെനിന്നും വാക്സിന് നല്‍കിവരികയാണ്. ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലെ വിപുലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ വാക്സിന് സ്വീകരിക്കാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധമാണ് ഇവിടുത്തെ ക്രമീകരണങ്ങള്‍.
ആദ്യം വാക്സിന് നല്കിയിരുന്നവര്ക്കുള്ള കോവാക്സിന്റെ രണ്ടാമത്തെ ഡോസും മറ്റുള്ളവര്‍ക്ക് കോവിഷീല്‍ഡുമാണ് നല്‍കുന്നത്. പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിന് പുറമെ മുത്തത്തി ആരോഗ്യകേന്ദ്രത്തിലും വാക്സിന് വിതരണം ആരംഭിച്ചത് കോറോം പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിട്ടുണ്ട്.
അറുപത് വയസ് കഴിഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, അഗ്നിരക്ഷാ സേന, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി നഗരസഭയിലെ 7321 പേര്‍ക്കാണ് ഇന്നലെ വരെ വാക്സില്‍ നല്‍കിയത്.കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് പയ്യന്നൂരില്‍ നടക്കുന്നത്.
പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. ലളിതയും ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും സദാസമയവും വാക്സിന് വിതരണകേന്ദ്രത്തിലുണ്ടെന്നതിനാല് വാക്സിന് വിതരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനാകുന്നുണ്ട്.
ഇതോടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന് വിതരണം ചെയ്ത കേന്ദ്രമായി പയ്യന്നൂര്‍ മാറിയിരിക്കുകയാണ്.