കൂത്തുപറമ്പ്: താൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നടത്തിവരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടർച്ചയാണ് സൗജന്യ വാക്സിനും.
പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തായ കാട്ടിൽ പീടികയിലെ ചേരിക്കൽ ജൂണിയർ ബേസിക്ക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സൗജന്യ ചികിത്സ കേരളത്തിൽ മാത്രം നടന്നുവരുന്നതാണ്. അതിന്റെ തുടർച്ചയായാണ് സൗജന്യ വാക്സിനും നൽകുന്നത്. വാർത്താ സമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായാണ് താൻ ഇത് പറഞ്ഞത്.
ഒരുതരത്തിലുള്ള പെരുമാറ്റച്ചട്ടലംഘനവും താൻ നടത്തിയിട്ടില്ല. വാക്സിൻ വിഷയം വിവാദമാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ നടത്തിയ വിവാദങ്ങൾക്കുള്ള മറുപടിയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം യുഡിഎഫിന് തിരിച്ചടിയാകും. മുസ്ലിംലീഗിന്റെഅടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാര്യ കമല, മക്കളായ വീണ, വിവേക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.