ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നടപടിക്കെതിരേ സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാർ എന്ന വ്യക്തിയാണു ഹർജി സമർപ്പിച്ചത്.
ഡൽഹി പോലീസിന്റെ അറസ്റ്റ് നടപടി വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മോദി സർക്കാരിന്റെ വാക്സിൻ നയത്തെ എതിർത്താണ് ഡൽഹിയിലെ എല്ലാ ജില്ലകളിലും മോദിക്കെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്.
“മോദിജി ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് അയച്ചത്’’എന്നായിരുന്നു മോദിക്കെതിരായ പോസ്റ്ററുകൾ എഴുതിയിരുന്നത്.
പ്രധാനമന്ത്രിയെ വിമർശിച്ച് നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പോലീസ് 24 പേരെയാണ് അറസ്റ്റ് ചെയ്തത്.
പൊതു മുതൽ നശിപ്പിച്ചതിന്റെ പേരിലാണ് ഇവർക്കെതിരേ 21ൽ അധികം കേസുകൾ ചുമത്തിയിരിക്കുന്നത്.