മുക്കം: സൗദി ഗവൺമെന്റ് അംഗീകരിച്ച കോവിഡ് വാക്സിൻ രണ്ടെണ്ണവും പൂർത്തിയാക്കി, സർട്ടിഫിക്കറ്റ് സമ്പാദിച്ചതോടെ സൗദിയിലെ ക്വാറന്റൈനിൽനിന്നു ഒഴിവായെന്നു കരുതിയ പ്രവാസികൾ നിരാശയിൽ.
വ ൻതുക ചെലവിൽ രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ തുടരുകയാണിപ്പോഴും. സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ ‘തവക്കൽന’യിൽ ഇമ്മ്യൂൺ ആയാൽ മാത്രമേ പുറത്തിറങ്ങാനാവൂ.
എന്നാൽ നിലവിൽ തവക്കൽന ആപ്പിൽ നാട്ടിലെ സർട്ടിഫിക്കറ്റ് അപ് ലോഡാകുന്നില്ല.മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ ക്വാറന്റൈൻ ഒഴിവാകുമെന്ന് തെറ്റിധരിച്ച് ലക്ഷങ്ങൾ മുടക്കി സൗദിയിലെത്തി വീണ്ടും വൻതുക മുടക്കി ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടി വരികയാണെന്ന് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മുക്കം സ്വദേശിയും “മാക് ജിദ്ദ’ ഭാരവാഹിയുമായ മുജീബ് ഉമ്മിണിയിൽ പറഞ്ഞു.
ലക്ഷങ്ങൾ മുടക്കി അർമേനിയ വഴി റിയാദിലായിരുന്നു വിമാനമിറങ്ങിയത്. നാട്ടിൽ വെച്ച് തവക്കൽന തുറക്കാൻ കഴിയാത്തതിനാൽ അപ് ലോഡാക്കാത്തത് അറിയാൻ കഴിഞ്ഞില്ല.സൗദി ഗവൺമെന്റ് നിർദ്ദേശിച്ച പ്രകാരം ശ്രമിച്ചിട്ടും അപ് ലോഡാകുന്നില്ല.
ഏറെ ബുദ്ധിമുട്ടിയാണ് നാട്ടിൽവെച്ച് വാക്സിൻ പൂർത്തിയാക്കിയത്. കുറേ ദിവസങ്ങൾ ഇതിന്റെ പേരിൽ കാത്തിരിക്കേണ്ടിയും വന്നു. എന്നാൽ ഇവിടെയെത്തിയപ്പോൾ അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ പരിഹരിക്കാവുന്ന സാങ്കേതിക പ്രശ്നമാണിത്. സർട്ടിഫിക്കറ്റ് നൽകിയതോടെ എല്ലാം പൂർത്തിയായെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാരുമുള്ളത്.
എന്നാൽസൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ശ്രമങ്ങൾ നടത്തിയിട്ടും നിരാശയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് വ്യക്തത വരുത്തി സൗദി പ്രവാസികളെ രക്ഷിക്കണമെന്ന് മുക്കം ഏരിയാ പ്രവാസി കൂട്ടായ്മ “മാക് ജിദ്ദ ‘യും മാസ് റിയാദും കെഎംസി സിയും ആവശ്യപ്പെട്ടു.