സ്വന്തംലേഖകൻ
തൃശൂർ: ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന്റെ കാലാവധി തീരാറായതോടെ നിരവധിയാളുകളാണ് വാക്സിനുവേണ്ടി നെട്ടോട്ടമോടുന്നത്. എന്നാൽ സ്വകാര്യ മേഖലയിലാകട്ടെ വാക്സിൻ ഇഷ്ടം പോലെയാണ്. ആർക്കു വേണമെങ്കിലും പണമുണ്ടെങ്കിൽ വാക്സിൽ ലഭിക്കുമെന്ന സാഹചര്യമാണിപ്പോൾ.
കേരളത്തിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി വാക്സിൻ നൽകുന്നതിനായി വാക്സിൻ ചലഞ്ചിലൂടെ സർക്കാർ കോടികൾ ശേഖരിച്ചിട്ടും പ്രൈമറി ഹെൽത്ത് സെന്ററുകളിലും സർക്കാർ ആശുപത്രികളിലുമൊക്കെ ആവശ്യത്തിന് വാക്സിൻ ഇല്ല.
ആദ്യ ഡോസെടുത്ത് സമയമായവർക്ക് രണ്ടാം ഡോസ് നൽകേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഇപ്പോൾ ആരോഗ്യവകുപ്പ് കൈയൊഴിയുകയാണ്. സമയമായവർ വേണമെങ്കിൽ സ്വകാര്യ ആശുപത്രികളിലെത്തി പണം കൊടുത്ത് രണ്ടാം ഡോസ് സ്വീകരിച്ചോളൂവെന്ന നിർദ്ദേശമാണിപ്പോൾ നൽകുന്നത്.
പല സ്വകാര്യ ആശുപത്രികളിലും നൂറും നൂറ്റന്പതും രൂപ കൂടുതൽ വാങ്ങിയാണ് വാക്സിൻ നൽകുന്നതെന്നും പറയുന്നു. 850 രൂപ വരെയാണ് ഒരു വാക്സിന് വാങ്ങിക്കുന്നത്. വാക്സിന് എത്ര രൂപ വാങ്ങിക്കണമെന്ന ഒരു മാർഗ നിർദ്ദേശവും സർക്കാർ നൽകിയിട്ടില്ല.
സംസ്ഥാന സർക്കാർ കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ കാത്തിരിക്കുന്നതിനാലാണ് ഇവിടെ വാക്സിൻ ക്ഷാമം ഉണ്ടാകുന്നതെന്നും പറയുന്നു. എന്നാൽ സ്വകാര്യ മേഖലയിലുള്ളവർ പണം കൊടുത്ത് വാക്സിൻ വാങ്ങിക്കുന്നതിനാലാണ് ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നതത്രേ.
പക്ഷേ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ തുടക്കത്തിൽ മെഗാ ക്യാന്പുകളൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നൊക്കെ വിവിധ കാരണങ്ങൾ പറഞ്ഞ് ആരോഗ്യവകുപ്പ് പിൻമാറുകയാണ്. സ്വകാര്യ മേഖലയിൽ പണം നൽകി വാക്സിന് സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് ആരോഗ്യവകുപ്പ് ഇത് ചെയ്യുന്നതെന്നാണ് ആരോപണം.
തൃശൂരിൽ മാർക്കറ്റുകളിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി അയ്യായിരം ഡോസ് വാക്സിൻ നൽകാൻ മൂന്നു ദിവസങ്ങളിലായി ക്യാന്പ് നടത്തിയിരുന്നു. എന്നാൽ വിവിധ ആരോപണങ്ങൾ ഉണ്ടെന്നു പറഞ്ഞ് ഇപ്പോൾ ഈ ക്യാന്പ് താൽക്കാലികമായി നിർത്തി വച്ചിരിക്കയാണ്.
1500ന് താഴെ പോലും ഇവിടെ വാക്സിൻ നൽകിയില്ല. സ്വകാര്യ ആശുപത്രികളിലെത്തിയിരിക്കുന്ന വാക്സിൻ ചെലവാകുന്നതിനുവേണ്ടിയാണ് മാർക്കറ്റുകളിലെ വ്യാപാരികൾക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന ക്യാ്ന്പ് നിർത്തിയതെന്നാണ് വ്യാപാരികളുടെ ആരോപണം. വാക്സിൻ ആർക്കു നൽകിയാലും എല്ലാവർക്കും നൽകണമെന്നതാണ് പ്രധാനം.
ഇവിടെ വ്യാപാരികൾക്കോ, തൊഴിലാളികൾക്കോ വാക്സിൻ കിട്ടിയില്ലെന്ന പരാതിയില്ലാതിരിക്കേ എന്തിനാണ് ക്യാന്പ് നിർത്തിയതെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.ഇത്തരത്തിൽ സ്വകാര്യ മേഖലയിലൂടെ പണം കൊടുത്ത് വാക്സിൻ നൽകുന്നതിന് ആരോഗ്യവകുപ്പ് ആരുമറിയാതെ പിന്തുണ നൽകുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
സൗജന്യമായി വാക്സിൻ ലഭിക്കുമെന്നതിനാൽ പണം നൽകി വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്തുമോയെന്ന് ഭയന്ന് തൃശൂരിലെ പല സ്വകാര്യ ആശുപത്രികളും വാക്സിൻ വാങ്ങിയിട്ടുമില്ല. വാക്സിൻ വാങ്ങി വച്ചാൽ ആളുകൾ എടുക്കാൻ വരുമോയെന്ന് ഉറപ്പില്ലാത്തതിനാലാണ് തങ്ങൾ വാങ്ങാതിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആദ്യ ഡോസെടുത്തതിനുശേഷം സമയത്ത് രണ്ടാം ഡോസ് നൽകാതായാൽ ഉറപ്പായും സ്വകാര്യ മേഖലയിലേക്ക് ആളുകൾ എത്തുമെന്നതിനാലാണ് ആരോഗ്യവകുപ്പ് ഇത്തരക്കാർക്ക് മുൻഗണന നൽകാത്തതെന്നു പറയുന്നു.