പുതുപ്പള്ളി: അധികൃതരുടെ അനാസ്ഥ, വലഞ്ഞത് വാക്സിനെടുക്കാൻ എത്തിയവർ. ഇന്നു രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഗവണ്മെന്റ് എൽപി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയിൽ കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വാക്സിൻ രജ്സ്റ്റർ ചെയ്തവർക്ക് ഇവിടെ ഇന്നു രാവിലെ ഒന്പതു മുതൽ വാക്സിനെടുക്കാൻ സമയം അനുവദിച്ചിരുന്നു. ആളുകൾ സമയത്ത് എത്തിയിട്ടും ജീവനക്കാരും മറ്റ് അധികൃതരും ഇവിടെത്തിയത് രാവിലെ 9.30 കഴിഞ്ഞ്. തുടർന്നു വാക്സിൻ വിതരണത്തിനുള്ള സംവിധാനങ്ങൾ തയാറാക്കി വന്നപ്പോഴേക്കും വീണ്ടും താമസിച്ചു.
ഇതോടെ വാക്സിൻ വിതരണം അവതാളത്തിലായി. രാവിലെ ഒന്പതു മുതൽ 10 വരെ സമയം അനുവദിച്ചവരുടെ പിന്നാലെ 10ന് അടുത്ത സമയം അനുവദിച്ചവരും എത്തിയതോടെ ഇവിടെ തിക്കും തിരക്കുമായി. ഒന്നാം ഡോസ് സ്വീകരിക്കാൻ പ്രായമുള്ളവരടക്കം 100ൽ അധികം പേരാണ് ഇന്നലെ രാവിലെ 10ന് തന്നെ ഇവിടെത്തിയത്.
പ്രാതൽ പോലും കഴിക്കാതെ രാവിലെ എട്ടിനു തന്നെ ഇവിടെത്തി വാക്സിനെടുത്ത് പെട്ടന്നു പോകാനെത്തിയ വയോധികരും സ്ത്രികളും മണിക്കൂറുകളാണ് ഇവിടെ കാത്തിരിക്കേണ്ടി വന്നത്. കൃത്യ സമയത്ത് വാക്സിൻ വിതരണം ആരംഭിക്കുന്നതിലെ അധികൃതരുടെ വീഴ്ചയാണ് ആൽക്കൂട്ടമുണ്ടാകാൻ കാരണമെന്നു ആളുകൾ ആരോപിച്ചു.
ആൾക്കൂട്ടത്തെ കോവിഡ് മാനദണ്ഡം പുലർത്തിയുള്ള സംവിധാനത്തിൽ നിയന്ത്രിക്കാനും ജീവനക്കാർക്കു സാധിച്ചില്ല. ഇത്തരത്തിൽ വാക്സിൻ വിതരണത്തിൽ നിരുത്തരവാദിത്വപരമായ സമീപനം പുലർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.