കൊഴിഞ്ഞാന്പാറ : സംസ്ഥാനത്തു നിന്നും തമിഴ്നാട്ടിലേക്ക് വാടക വാഹനങ്ങളിൽ പോകുന്നവരിൽ നിന്നും വ്യാപകമായതോതിൽ പിഴ ഈടാക്കുന്നതായി ആരോപണം.വാഹനത്തിൽ രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തുന്നത്.
വാഹനത്തിന്റെ ഡ്രൈവർ യാത്രക്കാരുടെ സാഹചര്യം പോലീസിനു അറിയിക്കുന്പോഴാണ് പിഴ നിർബന്ധമായും ആവശ്യപ്പെടുന്നത്.
പിഴ സംഖ്യ അടച്ചാൽ രസീതും നൽകാറില്ല. ഇക്കഴിഞ്ഞ ദിവസം ചിറ്റൂരിൽ നിന്നും ട്രാവലറിൽ പഴനിയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവറിൽ നിന്നും മൂന്നു സ്ഥലങ്ങളിൽ പോലിസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു.
കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാത്രമാണ് പോലീസ് തടയുന്നത്.തമിഴ്നാട്ടിൽ സഞ്ചരിക്കുന്ന വാടക വാഹനങ്ങളെ പരിശോധിക്കാതെയാണ് കടത്തിവിടുന്നത്.
താലൂക്കിന്റെ കിഴക്കൻ അതിർത്തി ചെക്ക് പോസ്റ്റുകളിലുടെ സഞ്ചരിക്കുന്ന വാഹനങ്ങളെ പരിശോധന കൂടാതെയാണ് കടത്തി വിടുന്നത്. നിലവിൽ തമിഴ്നാട്ടിൽ ജനം പൊതുസ്ഥലങ്ങളിൽപ്പോലും മാസ്ക് ഉപയോഗിക്കുന്നില്ല.
ആരോഗ്യ വകുപ്പ് കോവിഡ് നിബന്ധനകളിൽ ചിലത് പിൻവലിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കേരളാ-തമിഴ്നാട് അന്തർ സംസ്ഥാന ബസുകൾ ഓടി തുടങ്ങുമെന്ന സൂചനകളുമുണ്ട്.
വാഹനങ്ങൾ കിലോമീറ്റർ ദൂരം നിരക്കിലാണ് വാടക ഈടാക്കുന്നത്. ഇതിനിടെ പോലീസ് പിഴ ചുമത്തിയാൽ വാഹന ഉടമ തന്നെ കൊടുക്കേണ്ടതായിവരും.
ഇക്കാരണത്താൽ താലൂക്കിൽ നിന്നും അത്യാവശ്യകാര്യങ്ങൾക്ക് ടാക്സികൾ വിളിച്ചാൽ ഓടാൻ മടിക്കുകയാണ്.
എന്നാൽ സ്വകാര്യ വാഹനയാത്രക്കാരെ പരിശോധകൂടാതെ വിടുന്നുമുണ്ട്.