സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒന്നും രണ്ടും ഡോസ് എടുത്തവര്‍ക്കും കോവിഡ് വരുന്നുണ്ട്… എന്നാല്‍ പിന്നെ സ്വകാര്യമായി മൂന്നാമതൊന്നു എടുത്താലോ…
മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അവരുടെ ജീവനക്കാരും വിവിധ ആശുപത്രികളില്‍നിന്ന് മൂന്നാമത്തെ ഡോസ് വാക്സിന് സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ചിലര്‍ കോ-വിന് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റുചിലര്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നാണ് വിവരം. ഇത് അതീവരഹസ്യമായി ചെയ്യുന്നതായാണ് വിവരം.
പലരും ശരീരത്തിലെ ആന്റിബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നും അറിയുന്നു. എന്നാല്‍ ഈ സ്ഥലങ്ങളില്‍ മാത്രമല്ല പലയിടത്തും ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിര്‍ദേശപ്രകാരം ആരോഗ്യപ്രവര്ത്തവര് ഡോസ് എടുക്കുന്നുണ്ട്.
നിലവില്‍ കൂടുതല്‍ വാക്സിനേഷന് നടക്കുന്നത് ഉത്തരേന്ത്യയിലാണ്. നിരവധി രാജ്യങ്ങള്‍ അവരുടെ പൗരന്മാര്ക്ക് മൂന്നാം ഡോസ് നല്‍കാനുള്ള നീക്കം നടത്തുന്നുണ്ട്.
ഇന്ത്യയില്‍ രണ്ട് ഡോസ് വാക്സിന് നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും മൂന്നാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ചിലര്‍ രഹസ്യമായി വാക്സിന് സ്വീകരിക്കുന്നത്.രോഗ പ്രതിരോധത്തിന് മൂന്നാം ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്.
വാക്സിന് എടുത്ത 20 ശതമാനം ആളുകളില്‍ കോവിഡിനെതിരെ ആന്റിബോഡികള്‍ വികസിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതായും അതിനാല്‍ വാക്സിന് എടുത്തവരില്‍ കുറഞ്ഞ അളവില്‍ ആന്റിബോഡി ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
രണ്ട് ഡോസ് വാക്സിന് എടുത്ത് അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കുറയുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിന് എടുത്തിട്ടും ആന്റിബോഡികള്‍ ഇല്ലാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന് ഭുവനേശ്വറിലെ ലൈഫ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യന്‍ വാക്സിനുകളുടെ ഫലപ്രാപ്തി (കോവിഷീല്‍ഡ്, കോവാക്സിന്) ഏകദേശം 70 മുതല്‍ 80 ശതമാനമാണ്. എന്നാല്‍ വാക്സിന് എടുത്തവരില്‍ 20 മുതല്‍ 30 ശതമാനം വരെ ആള്‍ക്കാരില്‍ ആന്റിബോഡികള്‍ വികസിച്ചേക്കില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.