പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിലെ പൗരന്മാർക്കു നൽകിയതിൽ കൂടുതൽ കോവിഡ് വാക്സിൻ വിദേശരാജ്യങ്ങൾക്കു നൽകിയെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ കേന്ദ്രസർക്കാർ.
ആറു മാസത്തിനിടെ രാജ്യത്ത് മൂന്നു കോടി പേർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പു നൽകിയപ്പോൾ ഇതേ കാലയളവിൽ എഴുപതിലധികം ലോകരാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ വിതരണം ചെയ്തുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി കെ. നാഗരാജ് നായിഡു പറഞ്ഞു.
180 യുഎൻ അംഗരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകി സഹായിക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവികസിത രാജ്യങ്ങൾക്കു വാക്സിൻ വിതരണം ചെയ്യുന്നതിൽ ഇപ്പോൾ പ്രയാസം നേരിടുന്നുണ്ട്.
രാജ്യത്ത് പുതിയ 30 വാക്സിനുകളുടെകൂടി പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും നായിഡു വിശദീകരിച്ചു. ആഗോള സഹകരണത്തിന്റെ കുറവ് പാവപ്പെട്ട രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 20 മുതൽ ആറ് കോടി ഡോസ് കോവിഡ് വാക്സിൻ 75 ലോകരാജ്യങ്ങൾക്കായി ഇന്ത്യ നൽകി. ഇതിൽ എട്ടു കോടി ഡോസ് സൗജന്യമായാണു നൽകിയത്.
രാജ്യത്ത് 45 വയസ് കഴിഞ്ഞവർക്കെല്ലാം വ്യാഴാഴ്ച മുതൽ വാക്സിൻ നൽകുന്നതിനായി വിദേശരാജ്യങ്ങൾക്കുള്ള വിതരണത്തിൽ ചെറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.