കാളികാവ്: കണ്ടെയ്ന്മെന്റ് സോണായ കാളികാവിൽ വാക്സിനെടുക്കാൻ ഇടിച്ചുകയറി ജനങ്ങൾ. ആകെയുള്ള 120 ഡോസ് വാക്സിൻ എടുക്കാനെത്തിയത് ആയിരത്തോളം പേർ.
കോവിഡ് വാക്സിനേഷൻ ക്യാന്പുകളിൽ അധികൃതർ അങ്കലാപ്പിൽ. പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നീ സ്ഥാപനങ്ങൾ കൃത്യമായ ഏകീകരണവും ക്രമീകരണവും നടത്താത്തതാണ് വാക്സിനെടുക്കാൻ ജനങ്ങൾ കൂട്ടത്തോടെ ഒഴുകി എത്താൻ കാരണം.
കണ്ടെയ്ന്മെന്റ് സോണായ കാളികാവിൽ വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതൽ കാളികാവ് ആശുപത്രിയിൽ സെക്കന്റ്് ഡോസ് വാക്സിനേഷനു വേണ്ടി എത്തിയത് നൂറുകണക്കിനാളുകളാണ്.
എന്നാൽ സിഎച്ച്സിയിൽ ആകെ 120 ഡോസുകളാണ് എത്തിയത്. അറുപത് കഴിഞ്ഞവരാണ് ഇതിൽ അധികവും.
സിഎച്ച്സിയിൽ വാക്സിൻ എത്തിയിട്ടുണ്ട് എന്ന് അതത് വാർഡിലെ ആശാവർക്കർമാർ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെത്തിയത്.
ആരോഗ്യവകുപ്പും പഞ്ചായത്തും പരസ്പരം ഏകീകരണമില്ലാത്തതാണ് 120 ഡോസിനു വേണ്ടി ആയിരത്തോളം ആളുകൾ എത്തേണ്ടി വന്നത്.
ഇതിനിടെ ബഹളം വെച്ച ജനങ്ങളെ നിയന്ത്രിക്കുന്നതിന് പോലീസ് ഇടപെടേണ്ടതായും വന്നു. തുടർന്നു വരിനിന്നവരുടെ പേരും നന്പറും റജിസ്റ്റർ ചെയ്തു.
വാക്സിന്റെ ലഭ്യതക്കനുസരിച്ച് ഓരോരുത്തർക്കും വിവരം അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഗോപി പറഞ്ഞു.