സ്വന്തം ലേഖകൻ
തൃശൂർ: വാക്സിൻ ക്ഷാമം മൂലം ജില്ലയിൽ വീണ്ടും വാക്സിനേഷൻ മുടങ്ങുന്നു. കോവാക്സിൻ ലഭ്യമാകാത്ത സാഹചര്യത്തിലാണ് വാക്സിനേഷൻ തടസപ്പെടുന്നത്.
45 വയസിനു മുകളിലുള്ളവർക്കായി കേന്ദ്രത്തിൽനിന്നും ലഭിക്കേണ്ടിയിരുന്ന കോവാക്സിൻ ജില്ലയിൽ നിലവിൽ ലഭ്യമായിട്ടില്ലാത്തതിനാൽ ഈ വാക്സിനുവേണ്ടി ബുക്ക് ചെയ്തവർക്കു തത്കാലം വാക്സിനേഷൻ നടത്താൻ സാധിക്കുന്നതല്ല എന്നു ജില്ലാ ആരോഗ്യവകുപ്പ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.
ഇപ്പോൾ ജില്ലയിൽ ലഭ്യമായിട്ടുള്ളതു 45 വയസിനു മുകളിലുള്ളവർക്കായുള്ള കോവിഷീൽഡ് വാക്സിനാണെന്നും കോവാക്സിൻ ജില്ലയിൽ ലഭ്യമാകുന്ന മുറയ്ക്കു വിവരം വാക്സിനെടുക്കേണ്ടവരെ അറിയിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കോവാക്സിനു വേണ്ടി ബുക്ക് ചെയ്തവർ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കു വരേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ.റീന അറിയിച്ചു.
വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ കഴിഞ്ഞദിവസം വാക്സിനേഷൻ ജില്ലയിൽ തടസപ്പെട്ടിരുന്നു.