അബുദാബി : ഡെൽറ്റ വകഭേദത്തെ പൂർണമായും നേരിടുന്നതിനു ഫലപ്രദമായ പ്രതിരോധം ഒരുക്കാൻ ഫൈസർ വാക്സിനു സാധിച്ചില്ലെന്ന് ഇസ്രയേൽ സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ കോവിഡ് രോഗത്തിന്റെ കടുത്ത ലക്ഷണങ്ങൾ ഒഴിവാക്കുന്നതിന് വാക്സിൻ ഫലപ്രദമായിരുന്നു എന്നാണ് ഇസ്രയേലി ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ.
ജൂണ്‍ 6 മുതൽ ജൂലൈ ആദ്യ ദിവസങ്ങൾ വരെയുള്ള കണക്കുകൾ അനുസരിച്ച് കോവിഡ് പ്രതിരോധം 94 ശതമാനത്തിൽ നിന്നും 64 ശതമാനമായി കുറഞ്ഞു എന്നാണ് ഇസ്രയേൽ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും , കോവിഡ് സുരക്ഷിതത്വ നടപടികളിൽ വരുത്തിയ ഇളവുകളുമാണ് കാരണമായി കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് രോഗം ബാധിക്കുന്നതിനെ തടയുന്നതിന് ഫൈസർ വാക്സിന് പൂർണമായും സാധിച്ചില്ലെങ്കിലും രോഗം രൂക്ഷമാകുന്നതിനെ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്.
രോഗികൾ ആശുപത്രിയിൽ ആകുന്നതു 97 ശതമാനവും തടഞ്ഞിരുന്നത് , 93 ശതമാനമായി കുറഞ്ഞെന്നും പഠനം തെളിയിച്ചു.
കോവിഡിന്റെ വ്യത്യസ്ത വകഭേദങ്ങൾ തടയുന്നതിൽ ഫൈസർ വാക്സിന് അൽപം കുറവ് സംഭവിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതായി ഫൈസറിന്റെ ഒൗദ്യോഗിക വക്താവ് ഡെർവില കെയ്ൻ അഭിപ്രായപെട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ് വന്നവരുടെ പ്രായം, അവർക്കുണ്ടായിരുന്ന ജീവിത ശൈലി രോഗങ്ങൾ , വാക്സിൻ സ്വീകരിക്കുകയും ,രോഗബാധയുണ്ടാകുകയും ചെയ്ത സമയ ദൈർഘ്യം എന്നിവ കണ്ടെത്തി പഠനം നടത്തുന്നതിന് സർക്കാർ ശ്രമം ആരംഭിക്കുകയാണെന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി .
ആളുകൾക്ക് പൂർണ സുരക്ഷതിതത്വം ലഭിക്കുന്നതിന് 12 മാസത്തിനുള്ളിൽ മൂന്നാമത് ഒരു ഡോസ് കൂടി നൽക്കേണ്ടി വരുമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗളയും അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള