തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരെയും കോവിഡ് വാക്സിന് ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവു പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയവർക്ക് അതു തുടരും.
വാക്സിനുവേണ്ടി കോവിന്‍ വെബ്സൈറ്റില്‍ (https://www. cowin.gov.in) രജിസ്റ്റർ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കണം. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന്റെ എണ്ണം പരമാവധി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തില്‍ 31.54% പേര്‍ക്ക് (1,05,37,705) ആദ്യഡോസ് വാക്സിന് നല്കി. 8.96% പേര്‍ക്ക് (29,93,856) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്ക് വാക്സിന് ലഭ്യമാക്കി.
13,31,791 പേര്‍ക്ക് ഒന്നാം ഡോസും 3,13,781 പേര്‍ക്കു രണ്ടാം ഡോസും നൽകി. ആകെ 16,45,572 പേര് വാക്സിന് സ്വീകരിച്ച എറണാകുളം ജില്ലയാണ് ഒന്നാമത്.
12,42,855 പേര്‍ക്ക് ഒന്നാം ഡോസും 3,72,132 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,14,987 പേര്‍ക്ക് വാക്സിന് എടുത്ത തിരുവനന്തപുരം ജില്ല രണ്ടാമതുമെത്തി.
സംസ്ഥാനത്തിന് 1,56,650 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരത്ത് 53,500 ഡോസും എറണാകുളത്ത് 61,150 ഡോസും കോഴിക്കോട് 42,000 ഡോസും വാക്സിൻ എത്തി.
12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്.
1,04,95,740 ഡോസ് കോവിഷീല്‍ഡ് വാക്സിനും 12,00,660 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,16,96,400 ഡോസ് വാക്സിന് കേന്ദ്രം നല്കി.
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 10 ലക്ഷം ഡോസിനു മുകളില്‍ വാക്സിനെടുത്ത ആറ് ജില്ലകളുണ്ട്.