തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ടു വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ നടപടികളിൽ കുരുങ്ങി മന്ദഗതിയിലായി.
മുൻഗണനാ ഗ്രൂപ്പിൽ 1,90,745 പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇന്നലെ വാക്സിനെടുക്കാൻ അനുമതി കിട്ടിയത് 560 പേർക്കു മാത്രം.
തിരുവനന്തപുരത്ത് 130 പേർക്കാണു വാക്സിനെടുക്കാൻ അനുമതി കിട്ടിയത്. കോട്ടയം, പാലക്കാട് ജില്ലകളിൽ നൂറ് വീതവും ആളുകൾക്ക് അനുമതി കിട്ടിയപ്പോൾ പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ പത്തിൽ താഴെ ആളുകളാണ് അപേക്ഷ നൽകിയത്.
വാക്സിനേഷനായി ലഭിച്ച അപേക്ഷകൾ ജില്ലാ തലത്തിൽ വിശദമായി പരിശോധിച്ച ശേഷം മാത്രമാണ് അനുമതി നൽകുന്നത്.
ഈ കാലതാമസവും അപേക്ഷകൾ കെട്ടിക്കിടക്കാനിടയാക്കുന്നു. ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദത്തിനും ചികിത്സ തേടുന്നവർ, പക്ഷാഘാതമുണ്ടായവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റം നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ, എച്ച്ഐവി ബാധിതർ തുടങ്ങിയ രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യപരിഗണന.