ന്യൂഡൽഹി: വികസിത രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ അതിവേഗം മുന്നേറുന്പോൾ ഇന്ത്യയ്ക്ക് നിരാശപ്പെടുത്തുന്ന കണക്ക്.
വാക്സിൻ വിതരണത്തിലെ പോരായ്മകൾ തീർക്കാതെ ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോയാൽ ജനസംഖ്യയുടെ മുക്കാൽ പങ്കിനു കുത്തിവയ്പ്പു നൽകിത്തീർക്കാൻ 2024 പകുതി ആകേണ്ടിവരുമെന്നാണ് സൂചനകൾ.
ആഴ്ചയിൽ ശരാശരി 1.8 കോടി പേർക്കാണ് ഇപ്പോൾ വാക്സിൻ നൽകാനാകുന്നത്. രാജ്യത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുന്പോൾ ഈ നിരക്ക് വളരെ പിന്നിലാണ്.
കൂടുതൽ ബ്രാൻഡുകൾ ലഭ്യമാക്കുകയും നിർമാണം അതിവേഗത്തിലാക്കുകയും ചെയ്താൽ മാത്രമേ അടുത്തവർഷം അവസാനത്തോടെയെങ്കിലും കൂടുതൽപേരിലേക്ക് വാക്സിൻ എത്തിക്കാനാവൂ.
അതേസമയം ഈ വർഷം അവസാനത്തോടെ 267 കോടി ഡോസ് വാക്സിൻ സംഭരിച്ചു ലഭ്യമാക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചത്.
രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും ഈ കാലയളവിൽ വാക്സിൻ നൽകാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ജൂലൈ മാസത്തോടെ 51 കോടി ഡോസ് വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.