സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വാക്സിൻ ആദ്യ ഡോസെടുത്തു രണ്ടാം ഡോസിന്റെ കാലാവധി തീരാറായതോടെ ജനം വാക്സിനുവേണ്ടി നെട്ടോട്ടമോടുന്നു.
കേരളത്തിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി വാക്സിൻ നൽകുന്നതിനായി വാക്സിൻ ചലഞ്ചിലൂടെ സർക്കാർ കോടികൾ ശേഖരിച്ചിട്ടും പ്രൈമറി ഹെൽത്ത് സെന്ററുകളിലും സർക്കാർ ആശുപത്രികളിലുമൊന്നും ആവശ്യത്തിനു വാക്സിൻ ഇല്ല.
രണ്ടാം ഡോസ് നൽകേണ്ട ഉത്തരവാദിത്വത്തിൽനിന്ന് ഇപ്പോൾ ആരോഗ്യവകുപ്പ് കൈയൊഴിയുകയാണ്. സമയമായവർ വേണമെങ്കിൽ സ്വകാര്യ ആശുപത്രികളിലെത്തി പണം കൊടുത്ത് രണ്ടാം ഡോസ് സ്വീകരിച്ചോളൂ എന്ന നിർദേശമാണിപ്പോൾ നൽകുന്നത്.
സ്വകാര്യ മേഖലയിൽ വാക്സിൻ ഇഷ്ടം പോലെയാണ്. ആർക്കു വേണമെങ്കിലും പണമുണ്ടെങ്കിൽ വാക്സിൽ ലഭിക്കും.
ചില സ്വകാര്യ ആശുപത്രികളിൽ നൂറും നൂറ്റന്പതും രൂപ കൂടുതൽ വാങ്ങിയാണ് വാക്സിൻ നൽകുന്നതെന്ന് ആക്ഷേപമുണ്ട്. 850 രൂപ മുതൽ 1400 വരെ വാക്സിനു വാങ്ങുന്നവരുമുണ്ട്. വാക്സിന് എത്ര രൂപ വാങ്ങണമെന്ന ഒരു മാർഗനിർദേശവും സർക്കാർ നല്കിയിട്ടുമില്ല.
സംസ്ഥാന സർക്കാർ കേന്ദ്രം നല്കുന്ന സൗജന്യ വാക്സിനു കാത്തിരിക്കുന്നതിനാലാണ് വാക്സിനു ക്ഷാമമെന്നു പറയുന്നു. എന്നാൽ സ്വകാര്യ മേഖലയിലുള്ളവർ പണം കൊടുത്തു വാക്സിൻ വാങ്ങുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വാക്സിൻ എടുത്തവർക്കു സമയം കഴിയാറായിട്ടും ഇനിയും വാക്സിൻ നല്കാൻ ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ തുടക്കത്തിൽ മെഗാ ക്യാന്പുകളൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അതിൽനിന്നൊക്കെ വിവിധ കാരണങ്ങൾ പറഞ്ഞ് ആരോഗ്യവകുപ്പ് പിൻമാറുകയാണ്.
സ്വകാര്യമേഖലയിൽ പണം നൽകി വാക്സിൻ സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് ആരോഗ്യവകുപ്പ് ഇത് ചെയ്യുന്നതെന്നും ആരോപണമുണ്ട്.
തൃശൂരിൽ മാർക്കറ്റുകളിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി അയ്യായിരം ഡോസ് വാക്സിൻ നൽകാൻ മൂന്നു ദിവസങ്ങളിലായി ക്യാന്പ് നടത്തിയിരുന്നു.
എന്നാൽ വിവിധ ആരോപണങ്ങൾ കാരണം പറഞ്ഞ് ഈ ക്യാന്പ് താത്കാലികമായി നിർത്തിവച്ചു. 1500നു താഴെപ്പോലും ഇവിടെ വാക്സിൻ നൽകിയില്ല.
സ്വകാര്യ ആശുപത്രികളിലെത്തിയിരിക്കുന്ന വാക്സിൻ ചെലവാകുന്നതിനുവേണ്ടിയാണ് മാർക്കറ്റുകളിലെ വ്യാപാരികൾക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന ക്യാന്പ് നിർത്തിയതെന്നാണ് വ്യാപാരികളുടെ ആരോപണം.
സൗജന്യമായി വാക്സിൻ ലഭിക്കുമെന്നതിനാൽ പണം നൽകി വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്തുമോയെന്നു ഭയന്ന് തൃശൂരിലെ പല സ്വകാര്യ ആശുപത്രികളും വാക്സിൻ വാങ്ങിയിട്ടുമില്ല.