ലൂയിസ് ഡെറിക്, 42 വയസ്. തെക്കൻ ലണ്ടനിലെ വാലിംഗ്ടണ് സ്വദേശിനി. ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്നു.
മൂന്നു വർഷം മുന്‍പാണ്. തന്റെ വീട്ടിലെ കിടപ്പുമുറിയുടെയും സ്വീകരണമുറിയുടെയും ജനൽപ്പാളികളിൽ പൂപ്പൽ പിടിച്ചിരിക്കുന്നതായി അവൾ കണ്ടു.
അവിടെ അത്തരം അറ്റകുറ്റപ്പണികൾ നടത്തുന്നത് റസിഡൻസ് അസോസിയേഷൻ പോലുള്ള സംവിധാനമാണ്. അതുകൊണ്ടുതന്നെ സട്ടണ്‍ ഹൗസിംഗ് പാർട്ണർഷിപ്പ് എന്ന അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
അവർ അതു കാര്യമായി എടുത്തില്ല. പലവട്ടം പരാതി പറഞ്ഞിട്ടും യാതൊന്നും ചെയ്തതുമില്ല. കാണെക്കാണെ ജനലുകളിലെ പൂപ്പൽബാധ വീടുമൊത്തം നിറഞ്ഞു. കിടക്കകൾ, വിരികൾ, കർട്ടനുകൾ, മറ്റു വീട്ടുപകരണങ്ങൾ… ലൂയിസ് പറയുന്നതുപോലെ വീട് തനി നരകമായി.
ചിത്രം മാറുന്നു
പിന്നെ നമ്മൾ കാണുന്നത് ലൂയിസിന്റെ ഏതാനും ഫോട്ടോകളാണ് (മുകളിലെ ചിത്രം കാണുക). സത്യത്തിൽ ലൂയിസിന്റെ എന്നു പറയാൻ കഴിയില്ല, കാരണം അവളുടെ മുഖം തിരിച്ചറിയാൻ കഴിയാത്തവിധം നീരുവച്ചു വീർത്തിരുന്നു.
കണ്ണുകൾ പുറത്തുകാണാതെ ബലൂണ്‍പോലെ വീർത്ത മുഖം തീർത്തും രൂപം മാറിയിരുന്നു.
അവിടെ തീർന്നില്ല. ഒരു ബ്യൂട്ടി പാർലറിന്റെ മാനേജരായിരുന്ന ലൂയിസിന് ജോലി ഉപേക്ഷിക്കേണ്ടിവന്നു. മുഖത്തിന്റെ പ്രശ്നംകൊണ്ടു മാത്രമല്ല,
അവളുടെ ചലനശേഷി ഏതാണ്ടു പൂർണമായി നഷ്ടപ്പെട്ടിരുന്നു., പൂപ്പൽപിടിച്ചു നരകംപോലെയായ വീട്ടിൽനിന്നു പുറത്തിറങ്ങാനാവാത്തവിധം.
വീട്ടിലെ പൂപ്പലിൽനിന്നുണ്ടായ അലർജിയാണ് ലൂയിസിനെ രോഗാവസ്ഥയിലേക്കു നയിച്ചത്. കഠിനമായ ആസ്ത്മയും തുടർന്ന് ഫങ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡറും അവളെ വലച്ചുകളഞ്ഞു.
വീട്ടുപകരണങ്ങളിലും ഫർണിച്ചറുകളിലും പൂപ്പൽ പടർന്നതോടെ അതു വൃത്തിയാക്കാൻ സ്വയം ഇറങ്ങുകയായിരുന്നു ലൂയിസ്. അലർജി കടുത്തതോടെ അവളുടെ കണ്ണുകളും തൊണ്ടയും അടഞ്ഞു. ശ്വാസംപോലും എടുക്കാനാവാത്ത സ്ഥിതിയായി.
എന്റെ മുഖവും ശരീരവും പൊള്ളിയടർന്നതുപോലെയായി. കണ്‍പോളകൾക്കുള്ളിലും വായ്ക്കകത്തും അടക്കം പുകഞ്ഞ അവസ്ഥ. കഠിനമായ വേദന.
ഞാൻ ഏതാണ്ടു മരിച്ചുകഴിഞ്ഞെന്നു തോന്നി. ദിവസങ്ങളോളം അതേ സ്ഥിതി തുടർന്നു. കാലുകളിൽ എടുത്ത കുത്തിവയ്പ്പുകളാണ് എന്റെ ജീവൻ രക്ഷിച്ചത്.
പൂപ്പൽ എന്റെ വീടു പൂർണമായി നശിപ്പിച്ചു. ഏതാണ്ട് എല്ലാ സാധനങ്ങളും തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടു. പലതും പണംകൊടുത്താൽ വാങ്ങാൻ കിട്ടാത്തതായിരുന്നു.
എന്റെ പിതാവിന്റെ വസ്തുക്കൾ അടങ്ങിയ ഒരു പെട്ടിയാണ് അതിലൊന്ന്. അദ്ദേഹം അടുത്തയിടെയാണ് മരിച്ചുപോയത് ലൂയിസ് വിലപിക്കുന്നു.
കരുതണം, എല്ലാവരും
വീടിന്റെ അറ്റകുറ്റപ്പണികൾക്കു ചുമതലയുള്ളവർ വേണ്ടത്ര കരുതലെടുക്കാത്തതാണ് ലൂയിസിന്റെ ഈ ദുരിതത്തിനു കാരണം.
ഏറെ വൈകിയാണ് അവർ അങ്ങോട്ടു തിരിഞ്ഞുനോക്കിയത്. വീടിന്റെ പുറംചുമരുകളിലെ കോണ്‍ക്രീറ്റിംഗ് പോലും നാശമായി എന്നാണ് ഇപ്പോൾ സർവേയർമാർ പറയുന്നത്.
എല്ലാം നശിച്ചതിനുശേഷം സഹായമെത്തിച്ചിട്ടെന്തു കാര്യം എന്നാണ് ലൂയിസിനെപ്പോലെ നമുക്കും തോന്നുക.
അലർജി വളരെപ്പെട്ടെന്നു ഗുരുതരമായേക്കാം എന്നാണ് ഈ വാർത്ത നൽകുന്ന മുന്നറിയിപ്പ്. അതുകൊണ്ട്, മുൻകരുതലെടുക്കുക ഇത്തരം പ്രയാസങ്ങളുണ്ടാകാതെ നോക്കാൻ ചുമതലപ്പെട്ടവരടക്കം എല്ലാവരും!
എഫ്എൻഡി അഥവാ ഫങ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡർ
ക്ഷീണം, വിറയൽ, നടക്കാനുള്ള ബുദ്ധിമുട്ട്, ശ്രദ്ധിക്കാനുള്ള ശേഷി നഷ്ടപ്പെടൽ, കാഴ്ചയ്ക്കും സംസാരശേഷിക്കും പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യം എന്നിങ്ങനെ വിവിധ ലക്ഷണങ്ങൾ ഈ അസുഖത്തിനുണ്ടാകാം.
മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസണ്‍സ്, അപസ്മാരം എന്നീ ന്യൂറോളജിക്കൽ രോഗങ്ങൾക്കു സമാനമാണ് ലക്ഷണങ്ങൾ. എന്നാൽ എഫ്എൻഡി നാഡീവ്യൂഹത്തിനുണ്ടാകുന്ന ഘടനാപരമായ കുഴപ്പംകൊണ്ടല്ല,
മറിച്ച് അതിന്റെ പ്രവർത്തനത്തിനുണ്ടാകുന്ന പ്രശ്നംകൊണ്ടാണ് സംഭവിക്കുന്നത്. അതോടെ തലച്ചോറിന് കൃത്യമായി സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ഉള്ള കഴിവു കുറയുന്നു. ചലനം അടക്കം ശരീരത്തിന്റെ പ്രതികരണങ്ങളെ അതു ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.
ഈ അവസ്ഥയ്ക്കു ശാരീരികവും മാനസികവുമായ പല കാരണങ്ങളുണ്ട്. ലൂയിസിന്റെ കാര്യത്തിൽ കണ്ടതുപോലുള്ള ഇൻഫെക്ഷനും എഫ്എൻഡിയിലേക്കു നയിക്കാം.
തയാറാക്കിയത്: വി.ആർ. ഹരിപ്രസാദ്