ന്യൂഡൽഹി: വാക്സിൻ സംഭരണത്തിൽ നിലവിലെ നയത്തിൽ മാറ്റം വരുത്തി കേന്ദ്രം. രാജ്യത്ത് 18 വയസിനുമുകളിലുള്ള എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു.
കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരേ സുപ്രീം കോടതിയിൽനിന്ന് ഉൾപ്പെടെ രൂക്ഷമായ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്രം നയം തിരുത്താൻ തീരുമാനിച്ചത്.
നിലവിൽ 45 വയസിനുമുകളിലുള്ളവർക്ക് മാത്രമാണ് കേന്ദ്രം സൗജന്യ വാക്സിൻ നൽകി വന്നിരുന്നത്.
വാക്സിന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കും. വിദേശത്തുനിന്ന് ഉൾപ്പെടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന് സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
75 ശതമാനം വാക്സിന് സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും 25 ശതമാനം സ്വകാര്യ ആശുപത്രികളിലൂടെയും വിതരണം ചെയ്യും.
സ്വകാര്യ ആശുപത്രികളിലെ വിതരണത്തിന് സംസ്ഥാന സർക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം.
വാക്സിന്റെ വില നിശ്ചിത തുകയെന്നു സ്ഥിരപ്പെടുത്തുകയും വേണം. വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.