സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അഞ്ച് ജില്ലകളിലെ വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്നു.
ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സിൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികൾക്ക് അടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം.
അതേസമയം, സംസ്ഥാനത്തെ വാക്സിൻ ക്ഷാമം കണക്കിലെടുത്ത് മൂന്ന് ലക്ഷം ഡോസുകൾ ഇന്നു തന്നെ എത്തിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നി ജില്ലകളിലെ വിതരണമാണ് ഏറെക്കുറെ പൂർണമായി നിർത്തിവെച്ചിരിക്കുന്നത്.
ബാക്കിയുള്ള ജില്ലകളിലെ വാക്സിൻ കേന്ദ്രങ്ങൾ സ്റ്റോക്കുള്ളതിന് അനുസരിച്ചു മാത്രമാകും പ്രവർത്തിക്കുക.
1500ൽ അധികം വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്ത് ഇന്ന് 150ഓളം കേന്ദ്രങ്ങൾ മാത്രമേ പ്രവർത്തിക്കൂയെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, വാക്സിൻ വിതരണം മുടങ്ങാനുള്ള സാഹചര്യമുണ്ട ാകില്ലെന്നും മൂന്ന് ലക്ഷം ഡോസുകൾ അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായാണ് സൂചന.
തിരുവനന്തപുരം മേഖലയിലേക്കു 1,70,000 ഡോസുകളും എറണാകുളം മേഖലയിലേക്കു 1,20,000 ഡോസുകളും കോഴിക്കോട് മേഖലയിലേക്കു 75,000 ഡോസുകളും ലഭ്യമാക്കും.
വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെ ന്നും അധികൃതർ പറയുന്നു.
ദിവസം അഞ്ച് ലക്ഷം പേർക്ക് വീതം വാക്സിൻ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണുള്ളത്.
ഇതിന് അനുസരിച്ചുള്ള വാക്സിൻ ലഭ്യമല്ലാത്തതിനാൽ ലക്ഷ്യമാക്കിയ രീതിയിലുള്ള വാക്സിൻ വിതരണം സാധ്യമായിട്ടില്ല.
60 വയസിനു മുകളിൽ പ്രായമുള്ള ഒൻപത് ലക്ഷത്തോളം ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകാനുണ്ടെ ന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ഇവർക്ക് ഓഗസ്റ്റ് 15നകം വാക്സിൻ വിതരണം നൽകി തീർക്കാനാണ് വകുപ്പ് നിർദേശിച്ചിരിക്കുന്നത്.