കോട്ടയം: വാക്സിൻ എടുത്തതിനു ശേഷമുണ്ടായ പാർശ്വഫലങ്ങളെത്തുടർന്നു മരണം എന്നാരോപണം ഉയർന്ന അഞ്ചു സംഭവങ്ങളിലും മരിച്ചതു യുവതികൾ.
നാലുപേർക്കും അനുഭവപ്പെട്ടതു സമാന ലക്ഷണങ്ങൾ. ബന്ധുക്കളുടെ പരാതിയെ തുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കടുത്ത തലവേദനയാണ് നാലുപേർക്കും അനുഭവപ്പെട്ടത്. തലയിൽ രക്തം കട്ടപിടിച്ചും രക്തസ്രാവം ഉണ്ടായുമായിരുന്നു മരണം.
ഒരാൾ നിലയ്ക്കാത്ത ഛർദിയെ തുടർന്നാണ് മരിച്ചത്. മരിച്ചവരിൽ മൂന്നു പേരും പത്തനംതിട്ട ജില്ലക്കാരാണ്. ഒരാൾ കോട്ടയത്തും മറ്റൊരാൾ കാസർഗോട്ടും.
പത്തനംതിട്ടയിൽ ദിവ്യ
പത്തനംതിട്ട നാരങ്ങാനം നെടുന്പാറ പുതുപ്പറന്പിൽ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആർ. നായർ(38) കഴിഞ്ഞ ദിവസം വാക്സിൻ എടുത്തതിന്റെ പാർശ്വഫലങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോപണം ഉയർന്ന മറ്റൊരു യുവതി.
വീട്ടുകാർ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ രണ്ടിനാണ് കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു ദിവ്യ വാക്സിൻ എടുത്തത്.
തലവേദന അന്നു മുതൽ ഉണ്ടായിരുന്നു. മറ്റു ഗുരുതരപ്രശ്നങ്ങൾ ആദ്യം തോന്നിയിരുന്നില്ല.
എന്നാൽ, തലവേദന മാറാതെ വന്നതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്കാഘാതമുണ്ടായി.
തുടർന്നു കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി. തലച്ചോറിലെ രക്തക്കുഴലിൽ ഉണ്ടായ തടസം നീക്കാൻ രണ്ടു തവണ ശസ്ത്രക്രിയ നടത്തി.
എന്നാൽ, വീണ്ടും രക്തസ്രാവമുണ്ടായി. തുടർന്നു ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി.
ബന്ധുക്കൾ ആരോഗ്യവകുപ്പിനു പരാതി നൽകി. സംഭവത്തിൽ പരിശോധന ആരംഭിച്ചതായി ഡിഎംഒ ഡോ.എ.എൽ ഷീജ അറിയിച്ചു.
പത്തനംതിട്ടയിൽ ആര്യ
പത്തനംതിട്ടയിൽ 28കാരിയുടെ മരണവും കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്നുള്ള പാർശ്വഫലങ്ങളുടെ ഫലമായിട്ടാണെന്നു ബന്ധുക്കൾ പരാതി നൽകി.
കൈപ്പട്ടൂർ തെക്കനേത്ത് രഞ്ജിത്ത് രാജിന്റെ ഭാര്യ ആര്യ സതീശൻ (28) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് പന്തളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഈ മാസം മൂന്നിന് വള്ളിക്കോട് മായാലിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് ആദ്യ ഡോസ് വാക്സിൻ എടുത്തത്.
അടുത്ത ദിവസം മുതൽ ഛർദി തുടങ്ങി.
ഇതു നിലയ്ക്കാതെ വന്നതോടെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്നു തുന്പമൺ പിഎച്ച്സിയിലും പന്തളം, ഇടപ്പോൺ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
എന്നാൽ, ഛർദിലിനു ശമനമുണ്ടായില്ല. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതാകാം മരണകാരണമെന്നാണ് ഡോക്ടർമാർ ബന്ധുക്കളോടു പറഞ്ഞത്.
സോഡിയം കൂടുകയും ചെയ്തിരുന്നു. ഭർത്താവ് രഞ്ജിത് പന്തളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രക്ഷണ ഏക മകളാണ്.
പത്തനംതിട്ടയിൽ നോവ
പത്തനംതിട്ടയിൽ വാക്സിനു ശേഷം പനിയും കടുത്ത അസ്വസ്ഥതയും ബാധിച്ചു മരിച്ചതായി ബന്ധുക്കൾ ആദ്യം പരാതി നൽകിയ സംഭവമാണ് നോവയുടെ മരണം.
ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം സാബു സി. തോമസിന്റെ മകൾ നോവ സാബു(19)വാണ് തലച്ചോറിലെ രക്തധമിനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടർന്നു കഴിഞ്ഞ ദിവസം മരിച്ചത്.
മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് പെൺകുട്ടി കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്നു പനി ലക്ഷണങ്ങൾ ഉണ്ടായി.
അസ്വസ്ഥത കൂടിയതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ചികിത്സ തേടി. ആരോഗ്യനില വഷളായതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.
വിദഗ്ധ പരിശോധനയിൽ തലയിലെ ഞരന്പുകൾ പൊട്ടി രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയത്ത് മഹിമ
പാലാ പടിഞ്ഞാറ്റുകര കാഞ്ഞിരത്തുങ്കൽ ആർ. രഞ്ജിത്തിന്റെ ഭാര്യയും കാഞ്ഞിരപ്പള്ളി ആനക്കല്ല് തൈപ്പറന്പിൽ മാത്യുവിന്റെ മകളുമായ മഹിമ മാത്യു (31) കഴിഞ്ഞ ദിവസം മരിച്ചതു വാക്സിൻ എടുത്തതിനു ശേഷമുള്ള പാർശ്വഫലങ്ങൾ രൂക്ഷമായതിനു പിന്നാലെയാണെന്നു പരാതി ഉയർന്നിരുന്നു. ഏഴ് ആഴ്ച ഗർഭിണിയായിരുന്നു മഹിമ.
കഴിഞ്ഞ ആറിന് മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. കടുത്ത തലവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ 13ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി.
എന്നാൽ, തലവേദന കുറയാതിരുന്നതോടെ വീണ്ടും ആശുപത്രിയിൽ എത്തി. അബോധാവസ്ഥയിൽ ആയതോടെ വെന്റിലേറ്ററിലേക്കു മാറ്റി. കഴിഞ്ഞ 20ന് മരിച്ചു. സംഭവം സംബന്ധിച്ച് ആരോഗ്യമന്ത്രിക്കു ബന്ധുക്കൾ പരാതി നൽകി.
കാസർഗോട്ട് രഞ്ജിത
കോവിഡ് വാക്സിന് ആദ്യഡോസ് എടുത്തശേഷം കടുത്ത തലവേദനയും പനിയും ബാധിച്ച് അവശനിലയിലായ ഐടിഐ വിദ്യാര്‍ഥിനി മരിച്ചതാണ് മറ്റൊരു സംഭവം.
ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കം വലിയകണ്ടത്തെ കെ. രവീന്ദ്രന്റെയും സുനിതയുടെയും മകള്‍ സി. രഞ്ജിത (22) യാണു മരിച്ചത്.
കഴിഞ്ഞ മൂന്നിനു ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്നാണ് കോവിഷീല്‍ഡിന്റെ ഒന്നാം ഡോസ് രഞ്ജിതയ്ക്കു കുത്തിവച്ചത്. പിന്നീടു കടുത്ത തലവേദനയും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
അസ്വസ്ഥത കൂടുതലായതിനെത്തുടര്‍ന്ന് 17ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്നു പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു.
ഇതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ രഞ്ജിതയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കാസര്‍ഗോഡ് ഗവ. ഐടിഐയിലെ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരി: ദേവിക.
അന്വേഷണം വേണം
വാക്സിൻ എടുത്തതിനെത്തുടർന്നു സമാന ലക്ഷണങ്ങളോടെ യുവതികൾ മരിക്കാൻ ഇടയായതിനെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ ആരോഗ്യവകുപ്പിലേക്കു റിപ്പോർട്ട് ചെയ്യണമെന്നു നിർദേശമുണ്ട്.
എങ്കിലും അടുത്തടുത്ത ദിവസങ്ങളിൽ യുവതികൾക്കു സംഭവിച്ച മരണങ്ങൾ ആശങ്കാജനകമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതും രക്തസ്രാവവുമാണ് നാലു പേരുടെയും ജീവനെടുത്തത്.
രക്തം കട്ടപിടിക്കൽ സാധ്യതയെത്തുടർന്നു യൂറോപ്യൻ രാജ്യങ്ങൾ ചില വാക്സിനുകൾക്കു നേരത്തെ നിയന്ത്രണവും വിലക്കുമൊക്കെ ഏർപ്പെടുത്തിയിരുന്നു.
ഈ മരണങ്ങൾ വിദഗ്ധ സമിതി പരിശോധിച്ചു യഥാർഥ കാരണം കണ്ടെത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യമാണ് സജീവമായിരിക്കുന്നത്.