എടത്വ: പാടശേഖര നടുവിലെ താമസക്കാര്‍ക്ക് നടവഴി പോലുമില്ല. തുരുത്തിലെ കിടപ്പുരോഗികള്‍ക്ക് കോവിഡ് വാക്സിന് നല്കാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വലയുന്നു.
എടത്വ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചങ്ങങ്കരി വൈപ്പിശേരി പാടശേഖര നടുവിലെ തണ്ടപ്രയിലെ താമസക്കാരാണ് നടവഴി പോലുമില്ലാതെ ദുരിതം അനുഭവിക്കുന്നത്.
മൂന്ന് കൂടുംബങ്ങള് താമസിക്കുന്ന തുരുത്തില് രണ്ട് കിടപ്പുരോഗികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് താമസിക്കുന്നുണ്ട്.
നെല്‍കൃഷി വിളവെടുപ്പ് കഴിയുന്നതോടെ പാടത്ത് വെള്ളം കയറ്റുമ്പോള്‍ സ്വന്തമായി നിര്‍മിച്ച ചങ്ങാടം ഉപയോഗിച്ചാണ് താമസക്കാര്‍ മറുകര തേടുന്നത്.
കിടപ്പ് രോഗികള്‍ക്ക് വാക്സിന് നല്കാന് കഴിഞ്ഞ ദിവസം എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ തുരുത്തില് എത്തിയിരുന്നു.
ചങ്ങാടം ആശ്രയിച്ച വനിതകള്‍ അടങ്ങിയ ഉദ്യോഗസ്ഥര്‍ പാടുപെട്ടാണ് തുരുത്തില് എത്തിപ്പെട്ടത്. റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.