ആലുവ: രണ്ടാം ഡോസ് വാക്സിൻ ലഭിക്കാത്ത വയോധികന് കോവിഡ് വാക്സിൻ ഫൈനൽ സർട്ടിഫിക്കറ്റ്.
കടുങ്ങല്ലൂർ എടയാർ സ്വദേശി ചേന്ദാംപിള്ളി കുഞ്ഞുമുഹമ്മദിനാണ്(65) തെറ്റായ വിവരം ചേർത്ത് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിലാണ് 60 വയസിനു മുകളിലുള്ളവർക്കുള്ള വിഭാഗത്തിൽ ആദ്യ ഡോസ് കുഞ്ഞുമുഹമ്മദിനു ലഭിച്ചത്.
ഇതിനുശേഷം 22 ദിവസം കഴിഞ്ഞ് അടുത്ത ഡോസ് സ്വീകരിക്കാൻ ചെന്നെങ്കിലും ലഭിച്ചില്ല.
പിന്നീട് കടുങ്ങല്ലൂർ സ്കൂളിൽ നടന്ന വാക്സിൻ ക്യാമ്പിൽ ചെന്നപ്പോൾ, അവിടെ ആദ്യ ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നതെന്ന് പറഞ്ഞ് മടക്കി അയച്ചു. അടുത്ത ആഴ്ച ആരോഗ്യ കേന്ദ്രത്തിൽ ചെന്നാൽ മതിയെന്നും പറഞ്ഞു.
ഇതു പ്രകാരം പല തവണ ആരോഗ്യ കേന്ദ്രത്തിൽ കയറിയിറങ്ങിയിട്ടും രണ്ടാം ഡോസ് വാക്സിൻ ലഭിച്ചില്ല.
ഇതിനിടയിലാണ് കോവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും സ്വീകരിച്ചുവെന്നതിനുള്ള ഫൈനൽ സർട്ടിഫിക്കറ്റ് സന്ദേശം കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിനു ലഭിച്ചത്.
ഇതെങ്ങിനെ സംഭവിച്ചു എന്നതിലുപരി ഇനി തനിക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിക്കുമോയെന്ന ആശങ്കയിലാണ് കുഞ്ഞുമുഹമ്മദ്.