തിരുവനന്തപുരം: വഴിതർക്കത്തിന്റെ വിരോധത്തിൽ ഭർത്താവിനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുക്കളായ യുവാക്കൾ അറസ്റ്റിൽ.
ആൾസെയ്ൻസ് ഈന്തിവിള സതിഭവനിൽ രതീഷ് (28), നിധീഷ് (31) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
ഈന്തിവിളാകം വീട്ടിൽ സാബു, ഇയാളുടെ ഭാര്യ സിന്ധു എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാബുവിന്റെ വാരിയെല്ലും സിന്ധുവിന്റെ കൈയും പ്രതികൾ അടിച്ചൊടിച്ചെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 24 ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഏറെ നാളായി വഴിതർക്കത്തിന്റെ പേരിൽ ബന്ധുക്കളായ ഇരുകൂട്ടരും തമ്മിൽ വഴക്കും വാക്കേറ്റവും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്നു പ്രതികൾ. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജ്, വലിയതുറ സിഐ. പ്രകാശ്, എസ്ഐ. അഭിലാഷ്, എഎസ്ഐ. ശിവപ്രസാദ്, സിപിഒ മനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ പ്രതികൾക്കും പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മറ്റൊരു വധശ്രമക്കേസിലും ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.