പാന്പാടി: കോവിഡ് പ്രതിരോധ മരുന്നു ലഭിക്കാതെ വയോജനങ്ങൾ ബുദ്ധിമുട്ടിൽ. ഒറ്റയ്ക്കു താമസിക്കുന്നവരും, വയോധികരായ ദന്പതികളുമാണ് ബുദ്ധിമുട്ടുന്നവരിലേറെയും. രജിസ്റ്റർ ചെയ്യാനറിയാത്തവരും സ്മാർട്ട് ഫോണില്ലാത്തവരും ഏറെയുണ്ട്.
ആരെക്കൊണ്ടെങ്കിലും റജിസ്റ്റർ ചെയ്താലും സ്ലോട്ട് ലഭിക്കുന്നുമില്ല. ഭാഗ്യത്തിനു ഇനി ലഭിച്ചാൽ പാന്പാടിയിലുള്ളവർക്ക് വാക്സിൻ കുത്തിവയ്പ് കേന്ദ്രം ലഭിക്കുന്നത് ദൂരസ്ഥലങ്ങളിലായിരിക്കും.
വയോജനങ്ങൾക്ക് അവിടെ ചെന്ന് കുത്തിവെയ്പ് എടുക്കാനും കഴിയില്ല. വയോജനങ്ങളെ സഹായിക്കുവാൻ ജില്ലാ കേന്ദ്രത്തിലാരംഭിച്ച റജിസ്ട്രേഷൻ കേന്ദ്രം കൊണ്ടു ഒരു പ്രയോജനവുമില്ലെന്നു പരാതിയുയർന്നു കഴിഞ്ഞു.
രാവിലെ 10നും വൈകുന്നേരം അഞ്ചിനുമിടയിൽ ഫോണിൽ വിളിച്ച് വയോജനങ്ങൾക്ക് ബുക്ക് ചെയ്യാമെന്നായിരുന്നു അറിയിപ്പ്. വിളിച്ചാൽ കിട്ടിയെങ്കിൽ ഭാഗ്യം.
ആധാർ നന്പരും ഫോണ് നന്പരും നൽകിയാൽ റജിസ്റ്റർ ചെയ്തു തരും. കുത്തിവയ്പ് കേന്ദ്രവും സമയവുമൊന്നും ചെയ്തു കൊടുക്കുകയുമില്ല.
ഇതു കൂടി ചെയ്ത് തരാമോ എന്നു ചോദിച്ചാൽ അഞ്ചുവരേയേ ഞങ്ങൾക്കു ഡ്യൂട്ടിയുള്ളു എന്ന മറുപടിയാണു ലഭിക്കുന്നത്.
പിന്നെ ഞങ്ങൾക്ക് എങ്ങിനെ വാക്സിൽ ലഭിക്കുമെന്നു ചോദിച്ചവർക്കുള്ള മറുപടി നിങ്ങൾ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കൂ എന്നായിരുന്നു.
60 വയസു കഴിഞ്ഞവർക്ക് ഏറ്റവും അടുത്തുള്ള കുത്തിവയ്പ് കേന്ദ്രത്തിൽ സ്പോട്ട് റജിസ്ട്രേഷൻ നൽകി പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.