പ്രത്യേക ലേഖകൻ
ന്യൂഡൽഹി: രാജ്യത്തു കോവിഡ് പ്രതിരോധ വാക്സിൻ ക്ഷാമം തുടരുന്പോഴും ഈ മാസം മാത്രം വിദേശത്തേക്ക് 12 ലക്ഷം വാക്സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തു.
ജനുവരി മുതൽ മാർച്ച് വരെ 6.4 കോടി ഡോസ് വാക്സിനുകൾ വിദേശരാജ്യങ്ങൾക്കു നൽകിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
കോവിഷീൽഡ്, കൊവാക്സിൻ, രെംദേസിവിർ തുടങ്ങിയ ഇന്ത്യൻ വാക്സിനുകളുടെ ലഭ്യതയിൽ രാജ്യത്തു കടുത്ത ക്ഷാമമുണ്ട്.
എന്നാൽ, വാക്സിൻ ക്ഷാമം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ അവകാശപ്പെട്ടത്. രണ്ടു ദിവസത്തിനകം ആവശ്യത്തിനു വാക്സിൻ എത്തിക്കുമെന്നാണു കേന്ദ്രം പറയുന്നത്.
വാക്സിൻ നൽകിയില്ലെങ്കിൽ വൻതോതിലുള്ള പ്രതിരോധ കുത്തിവയ്പു പരിപാടിക്കു തടസം നേരിടുമെന്നു കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മറ്റു മന്ത്രിമാരും യോഗത്തിൽ പറഞ്ഞു.
ഇതുവരെ വിദേശരാജ്യങ്ങൾക്ക് യഥേഷ്ടം വാക്സിൻ നൽകിയ ഇന്ത്യ ദിവസങ്ങൾക്കകം റഷ്യയിൽനിന്നു സ്പുട്നിക് ഫെവ് വാക്സിൻ ഇറക്കുമതി ചെയ്യും. ഇതിനുള്ള നടപടി പൂർത്തിയാക്കി.
ഇന്ത്യയിലെ 12.5 കോടി ജനങ്ങൾക്ക് അടിയന്തരമായി പ്രതിരോധ വാക്സിൻ നൽകാനാണു കേന്ദ്രസർക്കാർ പദ്ധതി.
ഇതേത്തുടർന്നാണ് ഫൈസർ അടക്കമുള്ള വിദേശനിർമിത വാക്സിനുകൾക്ക് രാജ്യത്ത് അടിയന്തരമായി അനുമതി നൽകാൻ തീരുമാനിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഈ വർഷം തന്നെ 200 കോടി (2 ബില്യണ്) വാക്സിൻ ഷോട്ടുകൾ അവികസിത രാജ്യങ്ങൾക്കു നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ മരുന്ന് ഉത്പാദക രാജ്യമാണ് ഇന്ത്യ.
ഇതിനിടെ, കോവിഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനാവല്ല ആവശ്യപ്പെട്ടു.