പന്മന: വാടക കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കരുനാഗപ്പളളിയിലെ പുത്തന്‍ തെരുവില്‍ നിന്നും ഇറക്കി വിട്ട കുടുംബത്തിന് താമസ സൗകര്യം ഒരുക്കാനെത്തിയ തഹസിൽദാരെയും സംഘത്തെയും തടഞ്ഞ നാല് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ട് പേരെ ചവറ പോലീസ് സിഐ നിസാമുദീന്‍, എസ്ഐ സുകേഷ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
പന്മന നെറ്റിയാട് അയണിക്കാട്ട് വീട്ടില്‍ നിസാര്‍, കമര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷിയാസ് വില്ലയില്‍ ഷിയാസ്, മുളന്താനത്ത് വീട്ടില്‍ സോമന് എന്നിവര്‍ ഒളിവിലാണ്.ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.
വര്‍ക്കല ഇടവ സ്വദേശി സുധീര്‍ വാഹിദ്, ഭാര്യ സുനിജ ഇവരുടെ നാല് പെണ്മക്കള് അടങ്ങിയ കുടുംബത്തെ പുത്തന്തെരുവിലുളള വീട്ടുടമസ്ഥന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് ഇവര്‍ കരുനാഗപ്പളളി പോലീസ് സ്റ്റേഷനില്‍ അഭയം തേടി.
വിവരം അറിഞ്ഞ കരുനാഗപ്പളളി തഹസീല്‍ ദാര്‍ സജിതാ ബീഗം ജീവകാരുണ്യ പ്രവര്‍ത്തകനായ സിദ്ധിഖ്, നെറ്റിയാട് റാഫി എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പന്മന നെറ്റിയാട്ട് മുക്കിന് സമീപം വാടകയ്ക്ക് താമസിപ്പിക്കാന്‍ വീട് കണ്ടെത്തി കൊടുത്തു.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ഫിറോസ് നല്ലന്തറയില് വീടിനുളള ഡിപ്പോസിറ്റും വാടകയും കുടുംബത്തിലെ കുട്ടികളുടെ പഠനച്ചിലവും ഏറ്റെടുത്തു.
കുടുംബത്തെ വാടക വീട്ടില്‍ താമസിപ്പിക്കുവാനായി തഹസീല്‍ദാര്‍,ഡെപ്യൂട്ടി തഹസീല്‍ദാര്‍ പത്മ സാഗർ , ജനമൈത്രി പോലീസ് ഉഷാകുമാരി,വില്ലേജ് ഓഫീസര്‍ സജീവ്, ആരോഗ്യ പ്രവര്‍ത്തകര്‍ സിദ്ധിഖ്, നെറ്റിയാട് റാഫി എന്നിവരടങ്ങുന്ന സംഘം ഇവിടെയെത്തിയപ്പോള്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ താമസിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചതിന് ശേഷം കുടുംബത്തെ വാടക വീട്ടില്‍ താമസിപ്പിക്കുകായിരുന്നു എന്ന് പോലീസ് പറഞ്ഞു.