വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ പി.എന്‍. ജയന്തം ബലാത്സംഗം ചെയ്തെന്ന പരാതി കുഴഞ്ഞുമറിയുന്നു. പരാതിക്കാരിയായ വീട്ടമ്മയ്ക്കെതിരേ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. മരുമകള്‍ തട്ടിപ്പുകാരിയാണെന്നും പണത്തിനുവേണ്ടിയാണ് ഇവര്‍ ഇതു ചെയ്തതെന്നുമാണ് മാതാപിതാക്കളായ വേലായുധനും വള്ളിയമ്മയും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഭര്‍ത്താവിന്റെ മാതാപിതാക്കളെ പത്രസമ്മേളനത്തിനെത്തിച്ചത് സിപിഎം നേതാക്കളാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാര്‍ട്ടിക്കെതിരായ പരാതി തേച്ചുമാച്ചു കളയുന്നതിനുള്ള ആസൂത്രിതനീക്കമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍- കേസ് കൊടുത്ത് പണം തട്ടാനുള്ള സാമര്‍ഥ്യം മരുമകള്ക്കുണ്ട്. കേസിലെ ആരോപണവിധേയനായ ജയന്തന് അവരുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ല. കേസ് കൊടുക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. ഇവരുടെ കുട്ടികള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് തങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണ്. ജയന്തന് അവരില്‍ നിന്നും മൂന്നരലക്ഷം രൂപ കടം വാങ്ങിയെന്ന് വിശ്വസിക്കാനാകില്ല.
ഇപ്പോഴത്തെ പീഡന പരാതിയും പണം തട്ടിയെടുക്കാനുള്ള കള്ളപ്പരാതിയാണെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ വസ്തു തട്ടിയെടുക്കാന്‍ പലതവണ ശ്രമിച്ചിട്ടുള്ളവരാണിവരെന്നും അതിനെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വേലായുധന് വിശദീകരിച്ചു. സ്വന്തം മക്കളെ നോക്കി സംരക്ഷിക്കാനുള്ള മനസുപോലുമില്ലാത്ത മകനും മരുമകളുമാണ് ഇപ്പോള്‍ ആരോപണങ്ങളുമായി നടക്കുന്നത്. ഇവരുടെ രണ്ടു മക്കളും തങ്ങളുടെ സംരക്ഷണത്തിലാണ് വളരുന്നത്. മകനെതിരെ പല സ്റ്റേഷനുകളില്‍ കള്ളപ്പരാതി ഈ യുവതി നല്‍കിയിട്ടുണ്ടെന്നും വേലായുധന് പറഞ്ഞു. മരുമകളെ പീഡിപ്പിച്ചെന്ന് പറയുന്ന വ്യക്തിയെക്കുറിച്ച് മോശം അഭിപ്രായം കേട്ടിട്ടില്ലെന്നും വേലായുധന് പറഞ്ഞു. അനര്‍ഹമായി പണം സമ്പാദിക്കാനുള്ള മരുമകളുടെ നിഷ്ഠൂര പ്രവൃത്തിയെക്കുറിച്ച് അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരണമെന്നും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കാനാണ് ഈ പത്രസമ്മേളനം നടത്തിയതെന്നും മാതാപിതാക്കള്‍ വിശദീകരിച്ചു.