വടക്കാഞ്ചേരിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ വെളിച്ചമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സംസാര വിഷയം. മിനുറ്റുകളോളം നീണ്ടുനിന്ന പ്രകാശവര്‍ഷം പ്രദേശവാസികളില്‍ ഭീതിയുളവാക്കി. പള്ളിയുടെ മുകളില്‍ വ്യക്തമായി കണ്ട അഗ്‌നിവെളിച്ചം പലരും ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഉല്‍ക്കയാണെന്നാണ് ചിലര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ മറ്റെന്തോ വസ്തുവെന്നും.
ആകാശത്തുനിന്നും ഉല്‍ക്കപോലെയുള്ള വസ്തുഭൂമിയിലേക്ക് പതിക്കുമെന്ന് തോന്നും വിധമായിരുന്നു വെളിച്ചം കണ്ടത്. പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറഭേദം കണ്ടുവെന്ന വാര്‍ത്തയും ഇതിനു പിന്നാലെ വന്നു. ആകാശത്തുനിന്ന് ഉല്‍ക്ക പോലുള്ള എന്തെങ്കിലും വസ്തു കത്തിയമര്‍ന്നു മേഖലയില്‍ പതിച്ചതാകുമോ എന്ന ആശങ്കയിലായിരുന്നു ജനം. അതു പതിച്ചതു ഡാമിലായതു കൊണ്ടാകാം അവിടത്തെ വെള്ളത്തിനു നിറവ്യത്യാസം കണ്ടതെന്നും പലരും പ്രചരിപ്പിച്ചു. എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.