വടകര: അമിത വേഗത ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങളെ ബസ് ഇടിച്ച് വീഴ്ത്തിയതായി പരാതി. പരിക്കേറ്റ വില്യാപ്പള്ളി നിലവനമീത്തൽ റാഹിൽ (26), അനുജൻ റമീസ് (14) എന്നിവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര-തണ്ണീർപന്തൽ റൂട്ടിലോടുന്ന ഹരേ കൃഷ്ണാ ബസാണ് ഇരുവരെയും ഇടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.
വടകരയിൽ നിന്നു വില്യാപ്പള്ളിക്കുള്ള യാത്രയിൽ വൈക്കിലശേരി-കൂട്ടങ്ങാരം ഭാഗത്താണ് സംഭവം. അക്ലോത്ത്നടക്കു സമീപത്ത് വെച്ച് പിന്നിൽ നിന്നു കുതിച്ചെത്തിയ ബസ് അപകടകരമായ രീതിയിൽ സ്കൂട്ടറിനോട് ചേർന്നാണ് ഓവർടേക്ക് ചെയ്തത്. ഇതു കാരണം സ്കൂട്ടർ റോഡിനു വെളിയിൽ ഗട്ടറിനടുത്തേക്ക് ഇറക്കേണ്ടി വന്നു.
ഇതിന്റെ പേരിൽ ഇരുവരും സ്കൂട്ടറിൽ പിന്നാലെ എത്തി ബസിന്റെ അമിത വേഗത ചോദ്യം ചെയ്തു. ഇക്കാരണത്താലാണ് ബസ് സ്കൂട്ടറിൽ ഇടിക്കുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തതെന്നു പറയുന്നു. റാഹിലിനു കണ്ണിനു മീതേയും കൈക്കും പരിക്കുണ്ട്. സ്കൂട്ടറിന്റെ പിൻഭാഗം തകർന്നു.
സംഭവം സംബന്ധിച്ച് വടകര പോലീസ് പരിക്കേറ്റവരിൽ നിന്നു മൊഴിയെടുത്തു. ബസ് ഡ്രൈവറെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ബസുകളുടെ മരണപ്പാച്ചൽ നിയന്ത്രിക്കാൻ അധികൃതർ തയാറാവണമെന്നും ആവശ്യമുയർന്നു.