തലശേരി: മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും സ്വന്തം തട്ടകത്തില്‍ നിന്ന് വടകര പാര്‍ലമെന്റിലേക്ക് പാര്‍ട്ടിയുടെ മുന്‍ നേതാവ് മത്സരത്തിനിറങ്ങുന്നു. സിപിഎം കായ്യത്തറോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീറാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടാണ് സി.ഒ.ടി.നസീര്‍ മല്‍സര രംഗത്തേക്ക് എത്തുന്നത്.വടകര പാര്‍ലമെന്റിലേക്ക് താന്‍ മല്‍സരിക്കുമെന്നും ഇതുവരെയും ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും സി.ഒ.ടി നസീര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.നസീറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ നമവമാധ്യമങ്ങളില് പല തരത്തിലുള്ള പ്രതികരണങ്ങളും ഇതിനകം വന്നു കഴിഞ്ഞു.
‘നമ്മള് ഒന്നാണ് ഒരമ്മയുടെ മക്കള്‍, സേവനത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയം പറയണമെന്നും വെറുപ്പും പ്രതികാരവും പ്രചരിപ്പിക്കാത്ത രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്നും നസീര്‍ നേതൃത്വം നല്കുന്ന കിവീസ് ക്ലബിന്റെ ഫേസ് ബുക്കിലും പറയുന്നു.മുമ്പ് പാര്‍ട്ടി നേതൃത്വത്തിനു മുന്നറിയിപ്പ് നല്കി കൊണ്ടുള്ള നസീറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. നേതൃത്വത്തേയും സംഘടനയേയും അനുസരിക്കാന്‍ തയാറാണ്.
എന്നാല്‍ ഇവര്‍ക്ക് അടിമപ്പെട്ടും ഭയപ്പെട്ടും നില്‍ക്കണമെന്നത് മലര്‍പൊടികാരന്റെ സ്വപ്നം മാത്രം.’മനസിലായവര്‍ക്ക് മനസിലായാല്‍ നല്ലത്’. എന്നിങ്ങനെയുള്ള നസീറിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് അന്ന് ഏറെ വിവാദമായിരുന്നത്.പാര്‍ട്ടിയുടെ അപേക്ഷ ഫോമില്‍ ജാതിയും മതവും ചോദിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം പുതുക്കാതെ പ്രതിഷേധിച്ച സി.ഒ.ടി നസീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ നേതൃത്വം കൊടുക്കുന്ന കിവീസ് ക്ലബിന്റെ വികസ നിര്‍ദ്ദേശങ്ങളടങ്ങിയ പത്രികയും പുറത്തിറക്കിയിരുന്നു.
നടന് ആസിഫലിയാണ് വികസന പത്രികയുടെ പ്രകാശന കര്‍മ്മം നിർവഹിച്ചത്. ഇതിനടിയില്‍ അഡ്വ.എ.എന്‍ ഷംസീറിനെതിരെ നസീര്‍ വിമത സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണവുമുണ്ടായിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ഒടുവില്‍ ഷംസീറിനു വേണ്ടി നസീര്‍ പ്രചരണ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. കൗണ്‍സിലറായിരിക്കെ സിപിഎം നേതൃത്വത്തിലുള്ള നഗര ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.
സിപിഎമ്മുമായി ഇടഞ്ഞു നിന്ന നസീര്‍ ഇതിനിടയില്‍ സിപിഐ യിലേക്ക് പോകാന്‍ നീക്കം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് സിപിഐ യുടെ സംസംഥാന-ജില്ലാ തല നേതാക്കളുമായി പല വട്ടം ചര്‍ച്ചകളും നടത്തിയിരുന്നു.