കോഴിക്കോട്: കോവിഡ് കാലത്ത് ജനത്തെ ചേര്‍ത്തുപിടിച്ചു നടത്തിയ പോരാട്ടത്തിലൂടെ സ്റ്റാറായ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയിലൂടെ വടകര ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎം മോഹങ്ങള്‍ക്കു ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിധി തിരിച്ചടിയായേക്കുമെന്നു വിലയിരുത്തൽ.
ടി.പിയുടെ ഭാര്യ കെ.കെ. രമ നടത്തിയ നിയമപോരാട്ടം വിജയം കാണുമ്പോള്‍ അത് വടകരയില്‍ തീര്‍ക്കുന്ന മാറ്റൊലി ചില്ലറയല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എറ്റവും മികച്ച സ്ഥാനാര്‍ഥിയെന്ന വിശേഷണമുള്ള ശൈലജയ്ക്ക് നേരിടാനുള്ളത് കെ. മുരളീധരന് എന്ന പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയുള്ള ജനപ്രിയ േനതാവിനെ മാത്രമല്ല ‘ടിപി ഇഫക്ട്’ കൂടിയാണ്.
ടി.പി രൂപം കൊടുത്ത ആര്‍എംപിഐ എന്ന പാര്‍ട്ടി തീര്‍ക്കുന്ന രാഷ്ട്രീയ കോട്ടയെയും മുരളീധരന്റെ രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധങ്ങളെയും മറികടന്നുവേണം ശൈലജയ്ക്ക് വിജയക്കൊടി പാറിക്കാന്‍. അതില്‍ വിജയിച്ചാല്‍ കേരളത്തിലെ സിപിഎമ്മിലെ മുന്‍ നിരനേതാക്കളുടെ ഗണത്തിലേക്കും ഭാവി മുഖ്യമന്ത്രി എന്ന വിശേഷണം അരക്കിട്ടുറപ്പിക്കാനും അവര്‍ക്കു കഴിയും.
ഇല്ലെങ്കില്‍ പാര്ട്ടിയെക്കോള് ഏറ്റവും കൂടുതല്‍ വ്യക്തിപരമായി ക്ഷീണം ചെയ്യുക ശൈലജയ്ക്കുതന്നെയായിരിക്കും. എ.എന്‍. ഷംസീറും, പി. ജയരാജനും വീണ മണ്ഡലത്തിലാണ് കെ.കെ. ശൈലജയും പോരിനിറങ്ങുന്നത്.വടകര ലോക്സഭാ മണ്ഡലത്തില്‍ ടി.പി കൊലയ്ക്കുശേഷം ഒരിക്കല്‍ പോലും സിപിഎമ്മിനു ജയിച്ച് കയറാനായിട്ടില്ല.
തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നുണ്ട്. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടി.പി കേസിലെ സെഷന്‍സ് കോടതി വിധിയെങ്കില്‍ മേല്‍ക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല.
ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് ഇനിയും കോടതിയില്‍ പോകുമെന്ന് കെ.കെ. രമ അറിയിച്ചിട്ടുണ്ട്. അതായത് നിയമപോരാട്ടം തുടരുന്ന കാലത്തോളം ടി.പി. ചന്ദ്രശേഖരന് വധക്കേസ് വടകര മണ്ഡലത്തിലെ രാഷ്ട്രീയ യുദ്ധത്തില്‍ സിപിഎമ്മിനെ വേട്ടയാടികൊണ്ടിരിക്കും.
കണ്ണൂരിലെ ശക്തനായ നേതാവ് പി. ജയരാജനെ തറപറ്റിച്ച് കെ. മുരളീധരൻ ലോക്സഭയില്‍ എത്തിയപ്പോഴുണ്ടായതിനേക്കാള് കൂടുതല്‍ നാണക്കേടായിരിക്കും വടകരയില്‍ കെ.കെ.ശൈലജ തോറ്റാല്‍ സിപിഎമ്മിനുണ്ടാകുക. കാരണം എറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കിയാണ് ഇത്തവണ സിപിഎമ്മിന്റെ പുഴിക്കടകന് പ്രയോഗം.