കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് 20 മണിക്കൂർ തികയും മുൻപേ മരവിപ്പിച്ചനടപടി രാഷ്ട്രീയ വിവാദത്തിലേക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായക മത്സരം നടക്കുന്ന വടകര മണ്ഡലത്തിലെ തലശേരിയിൽ വേരുകളുള്ള കുടുംബത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുത്തേണ്ട എന്ന വിലയിരുത്തലിനൊപ്പം എന്‍സിപിയുടെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. സസ്പെന്‍ഷനിലായ ഡിഎഫ്ഒ എന്‍സിപി നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
വടകരമണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകള്‍ ഇവരുടെയും കുടുംബാംഗങ്ങളുടെതുമായുണ്ട്. ഈ വോട്ടെല്ലാം എല്‍ഡിഎഫിന് നഷ്ടപ്പെടുമെന്ന ഭീഷണിയും സസ്പെന്ഷന് പിന്‍വലിക്കുന്നതിലേക്കു നയിച്ചുവെന്നാണ് അറിയുന്നത്. തിരക്കിട്ട് സസ്പെന്ഷന് പിന്‍വലിച്ചത് ഇതിനകം വിവാദമായിക്കഴിഞ്ഞു.
വിശദീകരണം തേടിയശേഷം തുടര്‍ നടപടികള്‍ മതിയെന്നൊണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ചമാത്രമാണു ബാക്കിയുള്ളത്. അതുവരെ വിഷയം ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടുപോകുകയാണു സര്‍ക്കാര്‍ ലക്ഷ്യം.
ഷജ്നയ്ക്കൊപ്പം സസ്പെൻഷൻ നേരിടേണ്ടി വന്ന കൽപറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം. സജീവൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ (ഗ്രേഡ്) ബീരാൻ കുട്ടി എന്നിവർക്കെതിരേയുള്ള നടപടികളും ഇതോടെ മരവിപ്പിക്കപ്പെട്ടു. നേരത്തേ സസ്പെൻഡ് ചെയ്യപ്പെട്ട കൽപ്പറ്റ റേഞ്ച് ഓഫിസർ കെ. നീതുവിനെതിരേയുള്ള നടപടി മാത്രം തുടരും.
ബുധനാഴ്ച അർധരാത്രിയോടെയാണു ഷജ്ന ഉൾപ്പെടെ മൂന്നു പേരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. സുഗന്ധഗിരിയിൽ 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ 106 മരങ്ങൾ അനധികൃതമായി വെട്ടിക്കടത്തിയതാണു കേസിന് ആധാരം. ഡിഎഫ്ഒയുടെ ഭാഗത്തു നിന്നു മേൽനോട്ടച്ചുമതലകളിൽ വീഴ്ച ഉണ്ടായെന്നു വിജിലൻസ് ഉന്നത അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.