വടകര: ദുരിതമെന്ന മാറാരോഗത്തിന്റെ പിടിയിൽ നിന്നു മോചനമില്ലാതെ കഷ്ടപ്പെടുകയാണ് ജില്ലാ ആശുപത്രി. രോഗികൾക്ക് ബുദ്ധിമുട്ട് തന്നെ കൂട്ട്. ജില്ലാ ആശുപത്രിയായി ഉയർന്നിട്ടും ഇവിടെ രോഗികൾക്ക് കഷ്ടകാലമാണ്. ഏത് നേരവും മതിയായ ചികിത്സ ലഭ്യമാക്കേണ്ട ഇവിടെ ഇക്കാര്യങ്ങൾ ഫലപ്രദമല്ലെന്നാണ് ആക്ഷേപം. ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ വലയുകയാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവം വലിയ പ്രശ്നമായി നിൽക്കുന്നു.
ഉച്ചവരെ ജനറൽ മെഡിസിൻ ഡോക്ടർമാരാണ് ശരണം. ഒപി സമയം കഴിഞ്ഞാൽ അത്യാഹിത വിഭാഗമാണ് ആശ്രയം. അവസരം കാത്ത് വലിയ ക്യൂവാണ് നിത്യവും. ഇവിടെ അഞ്ചു ഡോക്ടർമാർ മാറി മാറി ഡ്യൂട്ടിയിലിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു സമയം ഒരാൾ മാത്രം. സായാഹ്ന വേളയിലും ഒപിയുണ്ടെങ്കിൽ രോഗികളുടെ തിരക്ക് നിയന്ത്രിക്കാനാകുമായിരുന്നു. അത്യാഹിത വിഭാഗത്തിൽ ദിവസം 700 ൽപരം രോഗികൾ വരെയെത്തുന്നുണ്ടെന്നാണ് കണക്ക്.
അപകടങ്ങളും മറ്റുമുണ്ടാകുന്പോൾ ഡോക്ടർ അങ്ങോട്ട് പോകുന്നതോടെ ഒപി ചീട്ടെടുത്തവരുടെ ചികിൽസ ബുദ്ധിമുട്ടാകുന്നു. മണിക്കൂറുകളോളം വരി നിന്നാലേ ഇവർക്കു പരിഗണന കിട്ടൂ. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേർ ദിവസവും ചികിത്സ തേടി എത്തുന്നുണ്ട്. പകർച്ചവ്യാധിയിൽ വലയുന്പോഴും ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജില്ലാ ആശുപത്രിയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാഷ്വാലിറ്റിയും വാർഡും ദുരെയായതിനാൽ അഡ്മിറ്റാകുന്ന രോഗിയെ വാർഡിൽ എത്തിക്കാൻ ബുദ്ധിമുട്ടുകയാണ്. മഴയും വെയിലും കൊണ്ടു വേണം വീൽചെയർ യാത്ര. ഓപ്പറേഷൻ തിയറ്ററും ഐസിയും മെയിൻ ബിൽഡിംഗിലെ മുകളിലത്തെ നിലയിലായതിനാൽ രോഗികൾ വലയുകയാണ്.
കോണിപ്പടി കയറി കൊണ്ടുപോകുന്പോൾ നേരിയ അശ്രദ്ധയോ വഴുതലോ മതി സ്ഥിതി വഷളാവാൻ.കോണിപ്പടി കയറ്റി പോകുന്പോൾ സ്ട്രെച്ചറിൽ നിന്ന് രോഗി വീണ സംഭവം പോലുമുണ്ട്. ലിഫ്റ്റ് സൗകര്യം ഒരുക്കി ഇതിനു പരിഹാരം കാണണമെന്ന ആവശ്യം ഇപ്പോഴും ജലരേഖയായി കിടക്കുകയാണ്.
തണൽ ഒരുക്കാവുന്ന സംവിധാനം വേണമെന്ന ആവശ്യത്തോടും അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണ്.ഈ പ്രയാസങ്ങൾക്ക് ഇടയിലാണ് ആശുപത്രിയിൽ രോഗികളെ കാണാൻ എത്തുന്നവർക്ക് ഏർപ്പെടുത്തിയ ഫീസ് കുത്തനെ കൂട്ടിയത്. അഞ്ച് രൂപയായിരുന്ന ചാർജ് മുന്നറിയിപ്പില്ലാതെ പത്ത് രൂപയാക്കിയിരിക്കുകയാണ്.