കോഴിക്കോട്: എല്‍ഡിഎഫിന് പിന്നാലെ ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ 10 മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ മൂന്ന് മണ്ഡലങ്ങളില്‍ അനിശ്ചിതത്വം. സീറ്റ് വിഭജന തര്‍ക്കവും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് യുഡിഎഫ് ക്യാമ്പിനെ പിരിമുറക്കത്തിലാക്കുന്നത്.
പേരാമ്പ്ര, വടകര, എലത്തൂർ സീറ്റുകളിലാണ് ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ആദ്യഘട്ട പര്യടനവും പൂർത്തിയാക്കി നാമനിർദേശപത്രിക നൽകുന്ന ഘട്ടംവരെ എത്തി. അതേസമയം മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന.
കെ. കെ. രമ
വടകരയിൽ ആർഎംപി സ്ഥാനാർഥിയായി കെ.കെ. രമ വന്നാൽ പിന്തുണക്കുമെന്നാണ് യുഡിഎഫ് തീരുമാനം. എന്നാൽ, രമയല്ലെങ്കിൽ പിന്തുണക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന ആവശ്യവും ഇതിനകം മണ്ഡലത്തിൽ നിന്ന് ഉയർന്നിട്ടുണ്ട്. ആര്‍എംപി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
പേരാമ്പ്ര സീറ്റ് യുഡിഎഫ് മുസ്ലിം ലീഗിന് കൈമാറിയെങ്കിലും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിലെ പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹീം സ്ഥാനാർഥിയാവുമെന്ന് ചർച്ചകൾ ഉയർന്നു. ഇതിനെതിരെ ലീഗ് അണികളിൽ പ്രതിഷേധം ശക്തമാണ്.
കോൺഗ്രസ് നേതൃത്വങ്ങളുടെ തെറ്റായ നിലപാടുകൾ തിരുത്താത്തപക്ഷം തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ നിർത്തുമെന്ന് പേരാമ്പ്രയിലെ “കോൺഗ്രസ് കൂട്ടായ്മ’യും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.സീറ്റ്, ആവശ്യപ്പെടാതെ തന്നെ മുസ്ലിം ലീഗിന് കൈമാറിയെന്നാണ് പ്രതിഷേധക്കാരുടെ പരാതി.
പേരാമ്പ്ര സീറ്റ് കോൺഗ്രസിന് വേണമെന്ന് ആവശ്യപ്പെടാൻ മണ്ഡലം കമ്മിറ്റി തയാറാവാത്തതിൽ അമർഷം ശക്തമാണ്. മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂർ സീറ്റ് യുഡിഎഫ് മാണി സി. കാപ്പന്റെ നാഷനൽ കോൺഗ്രസ് കേരളക്കാണ് നൽകിയത്.
അവർ സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുൽഫിക്കർ മയൂരിയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ എലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ഇദ്ദേഹത്തെ അംഗീകരിക്കാൻ തയാറായിട്ടില്ല.