വടകര: വടകര-മാഹി കനാൽ മരണക്കെണിയായി മാറുന്നുവോ എന്ന ആശങ്ക ഉയരുന്നു. കോട്ടപ്പള്ളി, കന്നിനട ഭാഗങ്ങളിൽ കനാൽ ദുർമരണങ്ങളുടെ കേന്ദ്രമാവുകയാണ്. ഒരു വർഷം പിന്നിട്ടപ്പോഴേക്കും നാലു പേരാണ് മരണമടഞ്ഞത്. സുന്ദരമായ കാഴ്ചയാണ് കനാൽ നൽകുന്നതെങ്കിലും അപകടം ഒളിച്ചിരിക്കുന്നുവെന്ന ഭീതിയും ഉയരുകയാണ്.ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വടകര-മാഹി കനാലിന്റെ ഘടന അപകടത്തിന് ആക്കം കൂട്ടുന്നതായാണ് നാട്ടുകാരുടെ പരാതി.
വീതിയും ആഴവും വർധിച്ചതോടെ അപകടം പതിയിരിക്കുന്ന കനാലായി ഇത് മാറി. അബദ്ധത്തിൽ കനാലിൽ വീണാൽ ആരും കണ്ടില്ലെങ്കിൽ മരണസാധ്യത ഏറെയാണ്. നീന്തൽ അറിയുന്നവർ പോലും ദുരന്തത്തിന് ഇരയായേക്കും. തോട് പോലെയായിരുന്ന കനാലിന്റെ രൂപമാറ്റം നാട്ടുകാരിൽ ഭയം ജനിപ്പിക്കുകയാണ്.
വീണാൽ പിടിവള്ളി പോലുമില്ലാതെ കുഴഞ്ഞ് ആഴങ്ങളിലേക്കു പോകുമെന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടപ്പള്ളിയിലും കന്നിനടയിലും രണ്ടു പേരുടെ ജീവൻ കനാലെടുത്തു. മധ്യവയസ്കരായ ഇവരിൽ ഒരാൾ സമീപ വാസിയും മറ്റൊരാൾ ലോകനാർകാവ് സ്വദേശിയുമാണ്. അബദ്ധത്തിൽ കനാലിൽ വീണതാവാമെന്നാണ് അനുമാനം. വാഹനങ്ങൾ കനാലിൽ അകപ്പെടുന്ന സ്ഥിതിയുമുണ്ട്.
മൂരാട് പുഴക്കും മാഹി പുഴക്കും ഇടയിലെ 17 കിലോമീറ്റർ ദുരത്തിലാണ് വടകര-മാഹി കനാലിന്റെ കിടപ്പ്. ഇതിന്റെ അനുബന്ധമായി മാഹി-വളപട്ടണം, വളപട്ടണം-നീലേശ്വരം, നീലേശ്വരം-ബേക്കൽ എന്നീ ഭാഗങ്ങളും ഉൾനാടൻ ജലാശയത്തിന്റെ ഭാഗമായുണ്ട്. തെക്ക് തിരുവനന്തപുരം വരെ നീളുന്നതാണ് ഉൾനാടൻ ജലപാത. ഇതിൽപെട്ട വടകര-മാഹി കനാൽ മുന്പ് വീതി കുറഞ്ഞതായിരുന്നെങ്കിൽ ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീതി കൂട്ടാൻ സർക്കാർ തീരുമാനിച്ചത്.
ഇതോടെ കനാലിന്റെ രൂപമാകെ മാറി. ഇതിലൂടെ ബോട്ട് സർവീസാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി കോടികൾ മുടക്കിയുള്ള പ്രവൃത്തിക്കാണ് തുടക്കമിട്ടത്. കനാലിൽ നിന്നെടുത്ത മണ്ണ് അരികിൽ കൂട്ടിയിട്ടത് നാട്ടുകാർക്ക് തലവേദന സൃഷ്ടിച്ചതിനു പുറമെയാണ് മരണം മാടി വിളിക്കുന്ന ജലാശയമെന്ന പേര് ദോഷം വീണിരിക്കുന്നത്. ആഴമേറിയ കനാലിന്റെ ഇരുഭാഗത്തും സുരക്ഷാ സംവിധാനമില്ലാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നതായാണ് നാട്ടുകാരുടെ പരാതി. കരാർ സംബന്ധിച്ച തർക്കം കാരണം കനാൽ ജോലി സ്തംഭിച്ച മട്ടാണ്.
റോഡുകളിലെ ഗതാഗതകുരുക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ അധികൃതർ തയാറാകുന്നത്. ഇതിന്റെ ഭാഗമായുള്ള മാഹി കനാലിനെ അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്. എന്നാൽ നിർമാണം ഒച്ചിഴഞ്ഞ് നീങ്ങുന്നതും മറ്റും ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. പണി എത്രയും വേഗം പൂർത്തിയാക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ അഭ്യർഥന. കനാൽ യാഥാർഥ്യമാകുന്നതോടൊപ്പം സുരക്ഷാനടപടികളും വേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്.