കോഴിക്കോട്: വടകര നിയമസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് -ആര്‍എംപി സഖ്യവുമായി മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ സ്ഥാനാര്‍ഥിയാവണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആര്‍എംപി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.
അല്ലാത്ത പക്ഷം കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നായിരുന്നു കെപിസിസി തീരുമാനം.അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്നാണ് കെ.കെ.രമയുടെ നിലപാട്. എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപി തീരുമാനം .
ഇതിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രമയല്ലെങ്കില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേരുകയും ചെയ്തു.
എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് പോലുമറിയാതെ ആര്‍എംപിയുമായി സഖ്യമുണ്ടാക്കിയവര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്‍എംപിയെ തഴയുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോണ്‍ഗ്രസിനുള്ളിലെ തന്നെ മറുഭാഗം വ്യക്തമാക്കി.
സീറ്റ് നല്കിയാല് അവിടെ ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നത് തീരുമാനിക്കാനുള്ള അധികാരം അതത് പാര്‍ട്ടികള്‍ക്കാണ്. എന്നാല്‍ വടകരയുടെ കാര്യത്തില്‍ ആര്‍എംപി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇത് മുന്നണി മര്യദകള്ക്ക് നിരക്കാത്തതാണെന്നാണ് ഇവര്‍ പറയുന്നത്.
കെപിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ കെപിസിസി നേതൃത്വം രമയല്ലാത്ത സ്ഥാനാര്‍ഥിയുമായി നീക്കുപോക്കുണ്ടാക്കിയാല്‍ വിമത സ്ഥാനാര്‍ഥിയെ മത്സരരംഗത്തിറക്കാനാണ് നീക്കം നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലാമല ബ്ലോക്ക് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം ഏറെ വിവാദമായിരുന്നു. ഇത്തവണ ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും നടത്താനിരിക്കെയാണ് വടകര വീണ്ടും ചര്‍ച്ചയായി മാറുന്നത്.