വടക്കഞ്ചേരി: പുതിയ എംഎൽഎയിലൂടെ വികസന മുന്നേറ്റം സ്വപ്നം കാണുകയാണ് തരൂർ നിയമസഭാ മണ്ഡലത്തിന്റെ സിരാ കേന്ദ്രമായ വടക്കഞ്ചേരി.തൃശൂരിനോടും പാലക്കാടിനോടും സമദൂരം പാലിക്കുന്ന വടക്കഞ്ചേരി വികസന രംഗത്ത് ഇനിയും മുന്നേറാനുണ്ട്.
മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വികസന കാര്യത്തിൽ വടക്കഞ്ചേരി ഇന്നും ഏറേ പുറകിലാണ്.ഉയരാനുള്ള സാധ്യതകളേറെ ഉണ്ടായിട്ടും അതിന് പിൻബലമേകാൻ മാറി വരുന്ന ജനപ്രതിനിധികൾ വേണ്ട വിധം വടക്കഞ്ചേരിയെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായുണ്ട്.
ടൗണിലെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം മുതൽ ചികിത്സാരംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം ഈ അവഗണന പ്രകടമാണ്.പത്തോളം പഞ്ചായത്തുകളിലെ ജനങ്ങൾ എത്തുന്ന വടക്കഞ്ചേരിയിൽ ഇന്നും നല്ല ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളില്ല.
വടക്കഞ്ചേരിയിലെ സർക്കാർ ആശുപത്രിയുടെ പദവികൾ ഇടക്കിടെ ഉയർത്തുന്നതല്ലാതെ ഇപ്പോഴും വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ മറ്റു എവിടെയെങ്കിലും പോകണം.വിവിധ ഫണ്ടുകൾ ചെലവഴിച്ച് നിന്നു തിരിയാൻ ഇടമില്ലാത്ത വിധം കോന്പൗണ്ടിൽ കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞത് മാത്രമാണ് ആശുപത്രിയിലുള്ളത്.
കോവിഡ് വ്യാപനത്തിൽ എല്ലാ സർക്കാർ ആശുപത്രികളും പോലെ ഇവിടെയും തിരക്കുണ്ടെന്ന് മാത്രം. സ്വകാര്യ മേഖലയിൽ പോലും നല്ല ആശുപത്രികളില്ലാത്തതും വടക്കഞ്ചേരിയുടെ ചികിത്സാ സംവിധാനങ്ങളെ ദുരിതപൂർണമാക്കുന്നുണ്ട്.
ശീയ, സംസ്ഥാന പാതകൾ ഉൾപ്പെടുന്ന വടക്കഞ്ചേരിയിൽ അപകടങ്ങളിലും മറ്റു അത്യാഹിതങ്ങളിലും പെടുന്നവരെ സഹായിക്കാൻ സംവിധാനങ്ങളോ ചികിത്സാ കേന്ദ്രങ്ങളോ ഇല്ല. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും അപര്യാപ്തമാണ്.
വാടക കെട്ടിടത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട വടക്കഞ്ചേരി ഫയർ സ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും ഇന്നും ഉടൻ ശരിയാകും എന്ന വാക്കിലൊതുങ്ങുകയാണ്.സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ എല്ലാ വർഷവും വടക്കഞ്ചേരി ഫയർസ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനെന്ന് പറഞ്ഞ് കോടികൾ വകകൊള്ളിക്കും.
കഴിഞ്ഞ ബജറ്റിലും അഞ്ച് കോടി രൂപ വകകൊള്ളിച്ചിരുന്നു.കെഎസ്ആർടിസി ഡിപ്പോ കോന്പൗണ്ടിൽ നിന്നും 40 സെന്റ് സ്ഥലം ഫയർസ്റ്റേഷനായി വിട്ടു നൽകാൻ തീരുമാനമായെങ്കിലും നടപടികൾ സർക്കാർക്കാര്യം പോലെ നീളുകയാണ്.
മന്ത്രി എ.കെ.ബാലൻ ഇക്കാര്യത്തിൽ താല്പര്യമെടുത്ത് മുന്നോട്ട് പോയെങ്കിലും ഒപ്പം നിന്ന് തുടർ പ്രവർത്തനങ്ങൾക്ക് ആളില്ലാത്തതിനാൽ നടപടികളിലെ പുരോഗതി വീണ്ടും പുറകോട്ട് പോയി. ഇനി പുതിയ എംഎൽഎയുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണം.
1995 ഓഗസ്റ്റ് അഞ്ചിനാണ് അഞ്ചു മൂർത്തി മംഗലത്ത് പഴയ തീപ്പെട്ടി കന്പനിയിൽ ഫയർസ്റ്റേഷൻ ആരംഭിച്ചത്.രണ്ട് വർഷത്തിനുള്ളിൽ സ്വന്തം സ്ഥലവും കെട്ടിടവുമാകുമെന്ന ഉറപ്പിലായിരുന്നു സ്റ്റേഷൻ തുടങ്ങിയത്. കാലപഴക്കത്തിൽ വാടക കെട്ടിടം അപകട ഭീക്ഷണിയായതാണ് ഇപ്പോൾ ജീവനക്കാരെ ആശങ്കപ്പെടുത്തുന്നത്.
കഐസ്ആർടിസി ഡിപ്പോ പ്രവർത്തിക്കുന്നുണ്ടെങ്കിലും യാത്രക്കാർക്ക് അതിന്റെ പ്രയോജനമില്ല. വടക്കഞ്ചേരി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി ഉയർത്തി വടക്കഞ്ചേരിയുടെ വികസനം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
തൃശൂർ കോർപ്പറേഷൻ കഴിഞ്ഞാൽ പിന്നെ 70 കിലോമീറ്റർ വരുന്ന തൃശൂർ പാലക്കാട് ദേശീയപാതയിൽ മറ്റൊരു മുനിസിപ്പാലിറ്റി പരിധിയെത്തണമെങ്കിൽ പാലക്കാട്ടെത്തണം.
വടക്കഞ്ചേരിയെ മുനിസിപ്പാലിറ്റിയാക്കാനുള്ള ജനസംഖ്യ, വരുമാനം, വിസ്തൃതി തുടങ്ങിയവയെല്ലാമുണ്ട്.
എംഎൽഎ ഉൾപ്പെടെയുള്ളവരുടെ താല്പര്യം കൂടിയായാൽ വടക്കഞ്ചേരിക്കത് വലിയ വികസന കാൽവെപ്പാകും.