കോഴിക്കോട്: ഇടതുകോട്ടയ്ക്കു മങ്ങലേൽക്കാതെ വടക്കൻ കേരളം. കണ്ണൂരിലും മലപ്പുറത്തുമടക്കം ശക്തിയുറപ്പിച്ചാണ് ഇടതുമുന്നണിയുടെ തേരോട്ടം. കാസർഗോഡ്, കണ്ണൂർ, വയനാട് ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 സീറ്റുകളിൽ 2016-ൽ 28 സീറ്റുകളായിരുന്നു ഇടതുമുന്നണി നേടിയിരുന്നെങ്കിൽ കണ്ണൂരിൽ ഒരു സീറ്റ് കൂടുതൽ നേടി ഇക്കുറിയത് 29 ആയി ഉയർന്നു.
അഞ്ചു സീറ്റുകളുള്ള കാസർഗോഡ് മുന്ന് സീറ്റുകളാണ് ഇടതുമുന്നണി നേടിയത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവയാണ് ഇടതുമുന്നണി നിലനിർത്തിയത്. കാസർഗോഡ്, കാഞ്ഞങ്ങാട് സീറ്റുകൾ യുഡിഎഫ് നേടി. 2016ലും കാസർഗോഡിന്റെ രാഷ്ട്രീയ ചിത്രം ഇങ്ങനെയായിരുന്നു.
മിന്നും പ്രകടനം
പതിനൊന്ന് സീറ്റുകളുള്ള കണ്ണൂരിൽ 2016ൽ മൂന്ന് സീറ്റുകളായിരുന്നു യുഡിഎഫ് നേടിയിരുന്നത്. ഇരിക്കൂർ, അഴീക്കോട്,പേരാവൂർ എന്നീ സീറ്റുകളായിരുന്നു യുഡിഎഫ് നേടിയത്. ഇക്കുറി അഴീക്കോട് ഇടതുമുന്നണി പിടിച്ചെടുത്തു. ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്.
സംസ്ഥാനത്തെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനു ഇടതുമുന്നണി വിജയിച്ച ധർമടം, മട്ടന്നൂർ തുടങ്ങിയ മണ്ഡലങ്ങളുൾപ്പെടെ പയ്യന്നൂർ,കല്ല്യാശേരി, തളിപ്പറന്പ്, കണ്ണൂർ, തലശേരി,കൂത്തുപറന്പ്, മട്ടന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇടതു മുന്നണിയുടെ മിന്നും പ്രകടനം.
എന്നാൽ, വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിൽ ഒന്നുമാത്രമാണ് ഇടതുമുന്നണിയെ തുണച്ചത്- മാനന്തവാടി. കൽപ്പറ്റയും സുൽത്താൻ ബത്തേരിയും യുഡിഎഫ് നേടി. ഇതിൽ കൽപ്പറ്റയിൽ യുഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്.
സിപിഎമ്മിന്റെ കൈവശമായിരുന്ന കൽപ്പറ്റയിൽ ഇത്തവണ എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.പി.ശ്രേയാംസ്കുമാറിനെ കോൺഗ്രസിലെ ടി.സിദ്ദിക്കാണ് പരാജയപ്പെടുത്തിയത്. ബത്തേരി മാത്രമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്നത്. കൽപ്പറ്റയിലുംയും മാനന്തവാടിയിലും വിജയം നേടി ജില്ല യുഡിഎഫിനു മേൽകൈ നൽകി.
ആർഎംപി അക്കൗണ്ട്
കോഴിക്കോട് ജില്ലയിലെത്തിയാൽ ആകെയുള്ള 13 സീറ്റുകളിൽ പതിനൊന്നും ഇടതിനൊപ്പം. 2016 ലും ഇടതുമുന്നണി പതിനൊന്ന് സീറ്റുകൾ നേടിയ ജില്ലയായിരുന്നു കോഴിക്കോട്. ഇക്കുറിയും എണ്ണത്തിൽ മാറ്റമില്ല, എന്നാൽ സീറ്റുകളിൽ മാറ്റം വന്നു.
കഴിഞ്ഞ തവണ രണ്ട് സീറ്റും യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗായിരുന്നു നേടിയത്. കോഴിക്കോട് സൗത്തും കുറ്റ്യാടിയുമായിരുന്നു അവ. എന്നാൽ, ഇക്കുറി ആർഎംപി ഒന്നും മുസ്ലിം ലീഗ് ഒന്നും എന്ന നിലയിലായി. എം.കെ. മുനീറിലൂടെ കൊടുവള്ളിയും കെ.കെ.രമയിലൂടെ വടകരയും.
ജില്ലയിൽ നിന്ന് മുസ്ലിം ലീഗിന് ഒരു സീറ്റ് നഷ്ടമായി. ആർഎംപി ആദ്യമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. അതേസമയം, കുറ്റ്യാടിയും കോഴിക്കോട് സൗത്തും ഇടതുമുന്നണി തിരിച്ച് പിടിച്ചു. തിരുവന്പാടി, ബേപ്പൂർ, ബാലുശേരി, നാദാപുരം, പേരാന്പ്ര, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, കുന്നമംഗലം, എലത്തൂർ തുടങ്ങിയ മണ്ഡലങ്ങൽ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നു.
മലപ്പുറം ജില്ലയിൽ പതിനാറ് സീറ്റുകളാണുള്ളത്. 2016-ൽ 16 ൽ12 സീറ്റുകളും യുഡിഎഫിനായിരുന്നു.എൽഡിഎഫിനു നാലും. പി.വി.അൻവർ വിജയിച്ച നിലന്പൂർ, കെ.ടി.ജലീലിന്റെ തവന്നൂർ, സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പൊന്നാനി, താനൂർ എന്നീ മണ്ഡലങ്ങളായിരുന്നു ഇടതുമുന്നണിക്കൊപ്പം നിന്നത്.
ഇത്തവണയും ഇടതുമുന്നണിക്ക് അതേ നാലു സീറ്റ്. ബാക്കി 12 ഉം യുഡിഎഫിന്. 12ൽ 11ഉം മുസ്ലിം ലീഗിന്. വണ്ടൂരിൽ കോൺഗ്രസ്.കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി,പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി,തിരൂർ, കോട്ടയ്ക്കൽ എന്നിവയാണ് ലീഗിനൊപ്പം നിന്നത്.