വടക്കഞ്ചേരി: മുപ്പത്തിനാലു ബെഡുകളുമായി ചികിത്സാ സൗകര്യമുള്ള വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് രോഗികളെ പ്രവേശിപ്പിക്കാതെ പൂട്ടിയിടുന്നതായി പരാതി. ഡോക്ടർമാരും മറ്റു ജീവനക്കാരും മതിയായ അനുപാതത്തിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അടച്ചിടുന്നത്.
ഇതിൽ പ്രതിഷേധിച്ച് ഇന്നലെ എഐവൈഎഫ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഏറെനേരം ഉപരോധിച്ചു. പിന്നീട് പോലീസെത്തി ഡിഎംഒയും മറ്റും ബന്ധപ്പെട്ട് ചികിത്സാസൗകര്യം കാര്യക്ഷമമാക്കാമെന്ന ഉറപ്പിൽസമരം അവസാനിപ്പിച്ചു.എളവന്പാടത്ത് തൊഴിലുറപ്പു പണിക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയുമായി മറ്റു തൊഴിലാളി സ്ത്രീകൾ ഓട്ടോവിളിച്ച് ആശുപത്രിയിലെത്തിയപ്പോൾ ഒപി വിഭാഗത്തിന്റെ ഗ്രിൽ അടച്ചിട്ടതായാണ് കണ്ടത്.
ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ എഐവൈഎഫ് പ്രവർത്തകർ ഇടപെട്ട് സൂപ്രണ്ടുമായി ബന്ധപ്പെടുകയും വീട്ടമ്മയ്ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.തച്ചക്കോട് സ്വദേശിനി ദേവകി (52)ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.ഉള്ളിൽ ടൈൽസിന്റെയും മറ്റും പണികൾ നടക്കുന്നതുകൊണ്ടാണ് ഒ.പി.വിഭാഗത്തിന്റെ വാതിൽ അടച്ചിട്ടതെന്നാണ് ജീവനക്കാർ പറയുന്നത്.
എന്നാൽ മുന്നിലെ വാതിൽ അടച്ചിടുന്പോൾ രോഗികൾക്ക് ഡോക്ടറെ കാണാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തേണ്ടതായിരുന്നെന്നും ഇതില്ലാതെ രോഗികളെ കഷ്ടപ്പെടുത്തുന്ന സമീപനമാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് ഇടയാക്കിയത്.
മിക്കവാറും ദിവസങ്ങളിലും ഉച്ചയ്ക്ക് 12 കഴിഞ്ഞാൽ കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള സർക്കാർ ആശുപത്രി അടച്ചിട്ട് മറ്റു സ്വകാര്യ ആശുപത്രികൾക്ക് രോഗികളെ എത്തിച്ചുനല്കുന്ന കേന്ദ്രമായി വടക്കഞ്ചേരിയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ തരംതാഴുകയാണെന്നാണ് ആക്ഷേപം.
ആപത്ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സപോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. രോഗികളെ പ്രവേശിപ്പിക്കാതെ കിടത്തി ചികിത്സാ വാർഡുകളെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. ഒരു പതിറ്റാണ്ടോളമായി വടക്കഞ്ചേരി സർക്കാർ ആശുപത്രിയുടെ സ്ഥിതിയാണിത്.
കോന്പൗണ്ട് നിറയെ കെട്ടിടങ്ങളല്ലാതെ ചികിത്സാ സൗകര്യങ്ങളൊന്നുമില്ല. ഒന്നരപതിറ്റാണ്ടുമുന്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ മിനി ഓപ്പറേഷൻ തിയേറ്റർ ഇപ്പോൾ ഗോഡൗണായി മാറി. ആംബുലൻസുണ്ടെങ്കിലും അത് കട്ടപ്പുറത്താണ്. അത്യാഹിതവിഭാഗം ബോർഡിലൊതുങ്ങി. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കാൻപോലും സംവിധാനങ്ങളില്ല. കുറേപേർക്ക് ശന്പളം വാങ്ങാനുള്ള ഉപാധിയായി സർക്കാർ ആശുപത്രി മാറുകയാണ്.