വടക്കഞ്ചേരി: ദേശീയ പാത തങ്കം ജംഗ്ഷനടുത്ത് മേല്‍പ്പാലത്തിന്റെ പ്രവേശന ഭാഗത്ത് അപകട പരമ്പര തുടരുമ്പോഴും അധികൃതര്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാകാത്ത ഭാഗത്തു കൂടെയാണ് ഇവിടെ തൃശൂരിലേക്കും പാലക്കാടിലേക്കും വാഹനങ്ങള്‍ കടന്നു പോകുന്നത്. തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന വാഹനങ്ങളാണ് അപകടകെണികളില്പ്പെടുന്നത്.
തേനിടുക്ക് മേല്‍പ്പാലത്തിലൂടെ മൂന്ന് വരിപ്പാത വഴി വരുന്ന വാഹനങ്ങള്‍ പീടിക പറമ്പ് ജംഗ്ഷനില്‍ എത്തിയാല്‍ പിന്നെ സര്‍ക്കസ് റോഡ് വഴി വേണം പോകാന്‍ എന്നാല്‍ മുന്നോട്ട് മൂന്ന് വരി റോഡില്ലെന്ന് കാണിക്കുന്ന തരത്തിലുള്ള സൂചനാ ബോര്‍ഡുകളും ഇവിടെയില്ല.
എന്നാല്‍ വാഹനങ്ങള്‍ നേരെ പോയി പണിപൂര്‍ത്തിയാകാത്ത മേല്‍പ്പാലത്തിന്റെ പ്രവേശന ഭാഗത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇടിച്ച് തകരും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ കാറിടിച്ച് കാറിലെ യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.
കൊല്ലത്തു നിന്നും പൊള്ളാച്ചിയിലേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലം പരിചയമില്ലാത്ത ദൂരസ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് അപകടത്തില്‍പെട്ട് ദുരിതത്തിലാവുന്നത്.