വടക്കഞ്ചേരി: കൊലപാതകവും അസ്വഭാവിക മരണങ്ങളുമായി നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണമുണ്ടായത് വടക്കഞ്ചേരി പോലീസിന്റെ ജോലി ഭാരം ഇരട്ടിച്ചു.തിങ്കളാഴ്ച രാവിലെയാണ് കിഴക്കഞ്ചേരി തിരുവറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറന്പിന്റെ മതിലിൽ ഓട്ടോ ഡ്രൈവറുടെ മൃതദ്ദേഹം തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഒറ്റ നോട്ടത്തിൽ ഏറേ ദുരൂഹത ഉണ്ടാക്കുന്നതായിരുന്നു മൃതദേഹം തൂങ്ങി നിന്നിരുന്ന സ്ഥിതി. ഷർട്ടിൽ രക്തം ഒഴുകിയതും കയർ കെട്ടിയ രീതിയുമാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ സംശയങ്ങൾ ഉണ്ടാക്കിയത്.
ഫോറൻസിക് വിഭാഗം പരിശോധനക്ക് എത്താൻ വൈകിയതും അതേ തുടർന്ന് പോസ്റ്റ്മോർട്ടം ചൊവ്വാഴ്ചത്തേക്ക് മാറ്റി വെക്കേണ്ടി വന്നതും പോലീസിന് തലവേദനയുണ്ടാക്കി.എന്നാൽ പോസ്റ്റ്മോർട്ടത്തിൽ മരണം തൂങ്ങി മരണം തന്നെയാണെന്ന് തെളിഞ്ഞതോടെയാണ് ആശ്വാസമായത്. ഈ കേസ് നടപടികൾക്കിടെയാണ് ചൊവ്വാഴ്ച വൈകീട്ട് കണിച്ചി പരുതക്കടുത്ത് പെരുംപരുത പാറകുന്നിലെ കുറ്റിക്കാട്ടിൽ വീട്ടമ്മയുടെ മൃതദ്ദേഹം കാണപ്പെട്ടത്.
പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകമെന്ന് നാട്ടുകാർ സംശയിച്ച സംഭവം പോസ്റ്റ്മോർട്ടത്തോടെ അത് സ്ഥിരീകരിച്ചു.
കഴുത്ത് ഞെരിച്ചാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. ബലാത്സംഗത്തിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം.
എന്നാൽ രാസപരിശോധനക്ക് ശേഷമെ ഇക്കാര്യത്തിൽ വ്യക്തത വരു. കൊലപാതക കേസ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് ഇന്നലെ വൈകീട്ട് കൊന്നഞ്ചേരി ചുങ്ക തൊടിയിൽ യുവാവിന്റെ മൃതദ്ദേഹം അഴുകി തുടങ്ങിയ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
ചുങ്ക തൊടി രാജന്റെ മകൻ 44 വയസുള്ള രാജേഷിന്റെ മൃതദ്ദേഹമാണ് കാണപ്പെട്ടത്. മൃതദ്ദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. ഇതിന്റെ പോസ്റ്റ്മോർട്ടം ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. ഒന്നിനു പുറകെ മറ്റൊന്നായി ഇത്തരം കേസുകൾ വരുന്പോൾ പോലീസ് ഉദ്യോഗസ്ഥർക്കും വിശ്രമുണ്ടാകില്ല. കണിച്ചി പരുതയിലെ വീട്ടമ്മയുടെ കൊലപാതകം ഏറെ ഗൗരവമേറിയതിനാൽ പ്രതികളെ ഉടൻ പിടികൂടേണ്ടതുണ്ട്.
പൊതുവെ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കേസുകളുള്ള സ്റ്റേഷനുകളിലൊന്നാണ് വടക്കഞ്ചേരിസ്റ്റേഷൻ. മലയോര മേഖല, ദേശീയസംസ്ഥാന പാതകൾ, രാഷ്ട്രിയ ഏറ്റുമുട്ടലുകൾ, അപകടങ്ങൾ, മോഷണം, തട്ടിപ്പുകൾ, ഒളിച്ചോട്ടങ്ങൾ തുടങ്ങി വടക്കഞ്ചേരിസ്റ്റേഷനിൽ ഉണ്ടാകാത്ത കേസുകൾ കുറവായിരിക്കും.പോലീസ് പണി പഠിക്കാൻ വടക്കഞ്ചേരി സ്റ്റേഷനിലെത്തുന്ന ഉദ്യോഗസ്ഥരുമുണ്ട്.